റെയിൽവെ ട്രാക്കിലെ കോൺക്രീറ്റ് സ്ലാബ്; സുരക്ഷ ശക്തമാക്കി അധികൃതർ

Dec 22, 2025 - 12:04
Dec 22, 2025 - 12:06
റെയിൽവെ ട്രാക്കിലെ കോൺക്രീറ്റ് സ്ലാബ്; സുരക്ഷ ശക്തമാക്കി അധികൃതർ

ഉദുമ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച സംഭവത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ശനിയാഴ്ച‌ രാത്രി നടന്ന സംഭവത്തിൽ ബോധപൂർവ്വമായ ഇടപെടൽ നടന്നതായാണ് സംശയം. റെയിൽവേ സ്റ്റേഷൻ്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിലാണ് വലിയ കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണോ എന്നും സംശയം ഉയരുന്നുണ്ട്.

ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ആരംഭിച്ച ദിവസം തന്നെ ഇത്തരമൊരു സംഭവമുണ്ടായത് സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ഗൗരവത്തിലെടുത്തിട്ടുണ്ട്. യാത്രക്കാരും പ്രദേശവാസികളും സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ അടിയന്തരമായി സ്ഥലത്തെത്തുകയും ട്രാക്കിൽ നിന്ന് സ്ലാബ് നീക്കം ചെയ്യുകയുമായിരുന്നു. കൃത്യസമയത്ത് സ്ലാബ് മാറ്റാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവാക്കാനായത്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നത് വ്യക്തമായിട്ടില്ല. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതി പ്രകാരം ബേക്കൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് കരിങ്കല്ല് ചീളുകൾ, ഇരുമ്പ് ദണ്ഡ് പോലുള്ളവ കൊണ്ട് അപകടമുണ്ടാക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രദേശത്ത് റെയിൽവേ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0