ഏഷ്യയിലെ ഏറ്റവും വലിയ ഐ.ഇ.ഡി.സി സമ്മിറ്റിന് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് വേദിയാകുന്നു 

Dec 19, 2025 - 14:45
ഏഷ്യയിലെ ഏറ്റവും വലിയ ഐ.ഇ.ഡി.സി സമ്മിറ്റിന് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് വേദിയാകുന്നു 

കാസർകോട്: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ യുവ സംരംഭകത്വ സംഗമങ്ങളിലൊന്നായ ഐ.ഇ.ഡി.സി സമ്മിറ്റിന് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് വേദിയാകുന്നു. ഈ മാസം 22ന് നടക്കുന്ന സമ്മിറ്റിൽ കേരളത്തിലുടനീളമുള്ള കോളേജുകളിൽ നിന്ന് വിദ്യാർത്ഥികളെത്തും. ആദ്യമാണ് ഉത്തരകേരളം ഇത്തരമൊരു സംഗമത്തിന് ആതിഥ്യമരുളുന്നത്. സിനിമാ നടൻ നിവിൻ
പോളിയും സംരംഭകൻ്റെ വേഷത്തിൽ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പെൺകുട്ടികൾക്ക് ആശയങ്ങൾ അവതരിപ്പിക്കാനും തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് മൂന്നുമാസത്തെ മെൻ്റർഷിപ്പ് ലഭിക്കാനും സമ്മിറ്റിൽ അവസരമുണ്ട്. എം സിഗ്മ ഗോകുലം ഐ.എ.എസ് ഗ്രൂപ്പാണ് 'ടെൻ സൂപ്പർ ഗേൾസ്' എന്ന പരിശീലന പരിപാടി സ്പോൺസർ ചെയ്യുന്നത്. എ.ഐ ഹാക്കത്തൺ, ടൂറിസം ഐഡിയതോൺ മത്സരങ്ങളും വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളുമുണ്ടാവും. വിദ്യാർത്ഥികൾക്ക് ആശയങ്ങൾ അവതരിപ്പിക്കാനും അവരെ സംരംഭകത്വത്തിലേക്ക് നയിക്കാനുമുള്ള മത്സരമാണ് 'വൺ ടാങ്ക്'. തിരഞ്ഞെടുക്കപ്പെടുന്ന ടീമിന് ദുബായിൽ 5 ലക്ഷം രൂപ ട്യൂഷൻ ഫീസ് വരുന്ന സംരംഭകത്വ പരിശീലനവും അരലക്ഷം രൂപ സമ്മാനവും ലഭിക്കും. ഐ.ഇ.ഡി.സി സമ്മിറ്റിന് മാത്രമായി പ്രത്യേക ട്രെയിൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുള്ള ജില്ലയിലെ സംഗമത്തിലേക്ക് തിരുവനന്തപുരം മുതലുള്ള പ്രതിനിധികൾക്ക് സഞ്ചരിക്കാനുള്ള ട്രെയിൻ 21ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കേരളത്തിലെ ആർട്‌സ് ആൻ്റ് സയൻസ്, എഞ്ചിനീയറിംഗ്-ടെക്നോളജി, മെഡിക്കൽ, മാനേജ്‌മെൻ്റ്-ബിസിനസ് സ്റ്റഡീസ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 550ലധികം ഐ.ഇ.ഡി.സി സെൻ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് സമ്മിറ്റിന് എത്തുക. നൂറോളം സ്റ്റാർട്ടപ്പ് കമ്പനി സി.ഇ.ഒമാരും വിവിധ മേഖലകളിൽ നിന്നായി ഇരുനൂറോളം പ്രഭാഷകരും പാനൽ ചർച്ചകളിൽ പങ്കെടുക്കും. അൻപതോളം സ്റ്റാർട്ടപ്പ് കമ്പനികളുടെ സാന്നിധ്യവുമുണ്ടാകും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0