തദ്ദേശ സ്ഥാപന അധ്യക്ഷ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ഈ മാസം 26, 27 തീയതികളിൽ തിരഞ്ഞെടുക്കും. മുനിസിപ്പൽ കൗൺസിലുകളിലെയും കോർപറേഷനുകളിലെയും ചെയർപേഴ്‌സൻ, മേയർ തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൻ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചക്ക് 2.30നുമാണ് നടക്കുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27നാണ് നടക്കുക. ജില്ലാ പഞ്ചായത്തിലും കോർപറേഷനുകളിലും കലക്ടർമാരാണ് വരണാധികാരി. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ചുമതല. മുനിസിപാലിറ്റികളിൽ വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ സ്ഥാനാർഥിയെ ഒരാൾ നിർദേശിക്കുകയും മറ്റൊരാൾ പിന്താങ്ങുകയും വേണം. നാമനിർദേശം ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരായിട്ടില്ലെങ്കിൽ സ്ഥാനാർഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിലധികം പേരുകൾ നിർദേശിക്കാനോ ഒന്നിലധികം പേരെ പിന്താങ്ങാനോ പാടില്ല. സംവരണം ചെയ്‌തിട്ടുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന അംഗത്തിനെ മറ്റൊരാൾ നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ അയാൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ട് സ്ഥാനാർഥികളുള്ളപ്പോൾ കൂടുതൽ സാധുവായ വോട്ടുകൾ നേടിയയാൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ട് പേർക്കും തുല്യ വോട്ടാണെങ്കിൽ നറുക്കെടുപ്പ് നടത്തും. തിരഞ്ഞെടുപ്പിന് ശേഷം മേയർ, ചെയർപേഴ്‌സൻ, പ്രസിഡൻ്റ് എന്നിവർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി മേയർ, മേയർ മുമ്പാകെയും വൈസ് ചെയർമാൻ, ചെയർമാന്റെ മുന്നിലും, വൈസ് പ്രസിഡന്റ്. പ്രസിഡൻ്റിൻ്റെ മുന്നിലും സത്യ പ്രതിജ്ഞ ചെയ്യും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



