കാസർകോട് ഉൾപ്പെടെ 7 ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ; ബൂത്തുകളിൽ കനത്ത സുരക്ഷ

Dec 10, 2025 - 17:41
കാസർകോട് ഉൾപ്പെടെ 7 ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ; ബൂത്തുകളിൽ കനത്ത സുരക്ഷ

കാസർകോട്: കാസർകോട് ഉൾപ്പെടെ 7 ജില്ലകളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. 470 ഗ്രാമപഞ്ചായത്തുകളിലെ 9027 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാ പഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റികളിലെ 1834 വാർഡുകളിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലെ 188 ഡിവിഷനുകളിലേക്കുമാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിച്ചു. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവെച്ച സ്ഥലങ്ങളിൽ നാളെ റീപോളിംഗ് നടത്തും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ. നാളെ വോട്ടെടുപ്പ് നടക്കുന്ന കാസർകോട്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0