സ്മാര്‍ട്ട് ഫോണുകളിൾ സഞ്ചാര്‍ സാഥി ആപ്പ് വേണമെന്ന നിർദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷം

Dec 2, 2025 - 15:33
സ്മാര്‍ട്ട് ഫോണുകളിൾ സഞ്ചാര്‍ സാഥി ആപ്പ് വേണമെന്ന  നിർദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷം

ന്യൂ ഡൽഹി: എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് ആവശ്യവുമായി ടെലികോം മന്ത്രാലയം. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയോടെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കി. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. 

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും അപകടകരമായ വെബ്‌സൈറ്റുകള്‍ ഉള്‍പ്പടെ ബ്ലോക്ക് ചെയ്യാനും സാധിക്കുമെന്നതാണ് സഞ്ചാര്‍ സാഥി ആപ്പിന്റെ മേന്മയായി അവകാശപ്പെടുന്നത്. 2023 മേയിലാണ് ഈ പോര്‍ട്ടല്‍ നിലവില്‍ വരുന്നത്. ഉപയോക്താവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം അറിയാനും ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും ഇതുവഴി സാധിക്കും. തട്ടിപ്പുകള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും. ഫോണിലും വാട്സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും. ഫോണ്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും. പരാതി നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ആവുകയും ഫോണ്‍ തിരികെ കിട്ടുമ്പോള്‍ ബ്ലോക്ക് നീക്കം ചെയ്യുകയും ചെയ്യാം. ഇന്ത്യന്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ കോള്‍ ലഭിച്ചാല്‍ ഇതുവഴി റിപ്പോര്‍ട്ട് ചെയ്യാം. ഈ സംവിധാനം വഴി 42.14 ലക്ഷത്തിലധികം മൊബൈലുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും 26.11 ലക്ഷം നഷ്ടപ്പെട്ട അല്ലെങ്കില്‍ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സഞ്ചാര്‍ സാഥി ആപ്പിന്റെ വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. 1.14 കോടി രജിസ്‌ട്രേഷനുകളാണ് ആപ്പില്‍ ഉള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒരു കോടിയിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് 9.5 ലക്ഷം ഡൗണ്‍ലോഡുകളുമുണ്ട്.

അതിനിടെ, സഞ്ചാര്‍ സാഥി ആപ്പിനെ ചൊല്ലി വിവാദവും പുകയുകയാണ്. പൗരന്മാരെ നിരീക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജനാധിപത്യം ഇല്ലാത്ത രാജ്യത്ത് പോലും ഇത്തരം നടപടികളില്ലെന്നും പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി നിരീക്ഷണ രാഷ്ട്രമാക്കാനുള്ള ശ്രമമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പെഗാസസ് ഉള്‍പ്പടെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുള്ളപ്പോൾ പൗരന്മാരെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0