കുമ്പള ടോൾപ്ലാസ കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി; ടോൾ പിരിവ് തുടങ്ങാൻ നീക്കവുമായി കമ്പനി
കാസർകോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമ്മിച്ച കുമ്പള ആരിക്കാടി ടോൾപ്ലാസയിൽ യൂസർ ഫീസ് പിരിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച വിധി പറയാമെന്ന് കോടതി വ്യക്തമാക്കി. നവംബർ 12-ന് രാവിലെ എട്ട് മണി മുതൽ ടോൾ പിരിവ് തുടങ്ങാൻ കരാർ കമ്പനി നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും കലക്ടറെയും ജില്ലാ പോലീസ് മേധാവിയെയും കണ്ട് ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് കേസ് നവംബർ 14-ന് വിധി പറയുന്നത് വരെ ടോൾ പിരിക്കുന്നത് നിർത്തിവെക്കാൻ കലക്ടർ നിർദേശിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച ഇറങ്ങിയ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണ് ടോൾ പിരിവ് നടത്തുന്ന വിവരം പൊതുജനങ്ങളെ അറിയിച്ചിരുന്നത്. കലക്ടറുടെ നിർദേശത്തെ തുടർന്ന് 14 വരെ നിർത്തിവെച്ച ചുങ്കം പിരിവ് കരാർ കമ്പനി ഇന്ന് തന്നെ തുടങ്ങാൻ നീക്കം നടത്തുന്നുണ്ട്. കേസ് നടപടിയുടെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ തീരുമാനം മാധ്യമങ്ങളെ അറിയിക്കാമെന്നും ജില്ലാ കലക്ടർ ഇമ്പശേഖരൻ പ്രതികരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



