വിദ്യാഭ്യാസ,തൊഴിൽ മേഖലകൾ കാലികമായി നവീകരിക്കപ്പെടണം: കാന്തപുരം
കുറ്റ്യാടി: വിദ്യാഭ്യാസ സംവിധാനങ്ങളിൽ കാലികമായ മികവും നവീകരണവും കൊണ്ട് വരണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ അഞ്ചാമത് ഹാദി ബിരുദദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫീസ് വര്‍ധന, ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥി സൗഹൃദ തീരുമാനങ്ങള്‍ ഭരണകൂടത്തിന്റെ പക്ഷത്ത് നിന്ന് ഉണ്ടാകണമെന്നും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ ഭരണകൂടം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂതന സാങ്കേതിക വിദ്യകളും ലോകത്തെ മാറ്റങ്ങളെ അറിഞ്ഞ കോഴ്സുകളും ഉൾച്ചേർന്ന പഠന അവസരങ്ങളും മികച്ച സൗകര്യങ്ങളും നമ്മുടെ നാട്ടില്‍ തന്നെ ഒരുക്കുകയും അതുവഴി വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രയോഗിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽ - പഠന രംഗങ്ങളിൽ യുവ സമൂഹത്തിന് അനുകൂലമായ നയങ്ങൾ രൂപപ്പെടുത്തണം. വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ കാലികമായി നവീകരിക്കപ്പെടണമെന്നും ആധുനികമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ പുതിയ തലമുറയെ രാജ്യപുരോഗതിക്കായി ഉപയോഗിക്കാനാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തോട് പ്രതിബദ്ധതയും മാനവികത ഉയർത്തിപിടിച്ച് നിലപാട് എടുക്കുകയും ചെയ്ത പാരമ്പര്യമാണ് രാജ്യത്തിന്റേത്. അത് കൂടുതൽ മികവോടെ മുന്നോട്ട് കൊണ്ട് പോകാനും ചരിത്രത്തോട് സത്യസന്ധത പുലർത്താനും ഭരണകൂടങ്ങളും വിദ്യാർത്ഥികളും തയ്യാറാകണം.
ആധുനികവിദ്യാഭ്യാസവും സമൂഹത്തെ അറിയുന്ന അനുഭവങ്ങളും ആഴത്തില്‍ പഠിച്ച പണ്ഡിതരാണ് ഹാദി ബിരുദം സ്വീകരിച്ചിരിക്കുന്നത്. പുതിയ തലമുറയ്ക്കും കാലത്തിനും ആവശ്യമുള്ള നന്മയും പുരോഗതിയും നടപ്പാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഈ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി സിറാജുല്‍ ഹുദ കാമ്പസില്‍ വിവിധ പ്രോഗ്രാമുകളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി നടന്നത്. ഇന്നലെ (ഞായര്‍) വൈകിട്ട് നടന്ന ബിരുദദാന സമ്മേളനത്തില്‍ 916 ഹാദികളാണ് സനദ് സ്വീകരിച്ചത്. ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സയന്‍സസില്‍ പഠനം പൂര്‍ത്തീകരിച്ചവര്‍ ഫാളില്‍ ഹാദി ബിരുദവും മാസ്റ്റര്‍ ഇന്‍ ഇസ്ലാമിക് സയന്‍സസ് പൂര്‍ത്തീകരിച്ചവര്‍ കാമില്‍ ഹാദി ബിരുദവുമാണ് സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി 17 സോണുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ അക്കാദമിക് ഫെസ്റ്റ്, അക്കാദമിക് കോണ്‍ഫറന്‍സ്, യൂണിവേഴ്‌സിറ്റി ലീഡേഴ്‌സ് സമ്മിറ്റ് തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ബിരുദദാന- സമാപന സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി, പേരോട് അബ്ദുര്‍ റഹ്‌മാന്‍ സഖാഫി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, റഹ്‌മത്തുള്ള സഖാഫി എളമരം സംസാരിച്ചു. മാരായമംഗലം അബ്ദുര്‍റഹ്‌മാന്‍ ഫൈസി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹിയിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ താഴപ്ര, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എ പി കരീം ഹാജി ചാലിയം, അബൂഹനീഫല്‍ ഫൈസി തെന്നല, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം തുടങ്ങിയ സമസ്തയുടെയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതാക്കൾ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


