കുമ്പളയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൈമാറിയ സംഭവം; പിതാവിനെ പോലീസ് പിടികൂടി

Oct 30, 2025 - 17:18
Oct 30, 2025 - 17:24
കുമ്പളയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൈമാറിയ സംഭവം; പിതാവിനെ പോലീസ് പിടികൂടി

കാസർകോട്: ആറുമാസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവത്തിൽ പിതാവിനെ പോലീസ് പിടികൂടി. കൈമാറിയ കുഞ്ഞിനെ പോലീസ് കണ്ടെത്തി ശിശുക്ഷേമസമിതിക്ക് ഏൽപ്പിച്ചു. നീർച്ചാലിലെ ഒരു വീട്ടിൽനിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. മംഗളുരുവിലെ ആശുപത്രിയിൽ വെച്ചാണ് യുവതി പ്രസവിച്ചത്. പിന്നീട് യുവതിയുടെ വീട്ടിൽ ആരോഗ്യപ്രവർത്തക എത്തി കുഞ്ഞിനെ അന്വേഷിച്ചപ്പോൾ ആദ്യം മരിച്ചുവെന്നായിരുന്നു മാതാവിൻ്റെ മറുപടി. സംശയം തോന്നിയ ആരോഗ്യപ്രവർത്തക ദിവസങ്ങൾക്കുശേഷം വീണ്ടും അന്വേഷിച്ചു വന്നപ്പോൾ ഇവർ അവിടെ നിന്ന് താമസം മാറിയിരുന്നു. ദിവസങ്ങൾക്കു മുമ്പ് യുവതി വീണ്ടും തിരിച്ചെത്തിയെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തക വീണ്ടും അന്വേഷിച്ചെത്തി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ ആരോഗ്യപ്രവർത്തക കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ ഒരാളോട് പണം പലിശയ്ക്കായി വാങ്ങിയിരുന്നുവെന്നും അവർക്ക് കുഞ്ഞിനെ നൽകിയെന്നുമായിരുന്നു മറുപടി. പിന്നീട് യുവതി അത് വീണ്ടും മാറ്റിപ്പറഞ്ഞു. തുടർന്ന് ആരോഗ്യപ്രവർത്തക നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുമ്പള പഞ്ചായത്ത് അധികൃതരും സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും പോലീസിലും ശിശുക്ഷേമസമിതിയിലും വിവരം അറിയിച്ചതോടെ  ഇവർ നടത്തിയ അന്വേഷണത്തിൽ നീർച്ചാലിലെ ഒരു വീട്ടിൽനിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ പണത്തിനായി വിറ്റതല്ലെന്നും പോറ്റാനായി ഏൽപിച്ചതാണെന്നുമാണ് നീർച്ചാലിലെ സ്ത്രീ പറഞ്ഞത്. ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് ഭാര്യയും മക്കളുമുള്ള ഒരാളെ കുഞ്ഞിൻ്റെ മാതാവ് വിവാഹം കഴിച്ചു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞായിരിക്കാം ഇതെന്നാണ് നിഗമനം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0