എസ്‌ഐആര്‍ കേരളത്തിലും; നടപടി ക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും

Oct 27, 2025 - 18:02
എസ്‌ഐആര്‍ കേരളത്തിലും; നടപടി ക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും

ന്യൂഡൽഹി: എസ്‌ഐആര്‍ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) നടപടിക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കേരളത്തില്‍ നിലവില്‍ വരും. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആര്‍ നടപ്പിലാക്കാമെന്ന അഭ്യര്‍ഥന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ വിവരശേഖരണം നടത്തുകയും ഡിസംബര്‍ 9ന് കരട് വോട്ടര്‍ പട്ടിക പുറത്തുവരികയും ചെയ്യും. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിനാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാകുക.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന്റെ രണ്ടാംഘട്ടത്തിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ന് രാത്രി 12 മണി മുതലാണ് നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കുന്നത്. 2002 മുതല്‍ 2004 വരെ തയ്യാറാക്കിയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് പട്ടിക പരിഷ്‌കരണം നടക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ നിശ്ചയിക്കും. മൂന്ന് തവണയാണ് ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി ഉള്‍പ്പെടുത്തുക 1200 വോട്ടര്‍മാരെയാണ്. ഒരു കുടുംബത്തിലെ എല്ലാവരേയും ഒരു ബൂത്തില്‍ തന്നെ ഉള്‍പ്പെടുത്തും. 

തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് അര്‍ധരാത്രി മുതല്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ നിലവില്‍ വരുമെന്നാണ് വിവരം. ബിഹാറില്‍ നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വന്‍ വിജയമാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. അസ്സമില്‍ 2026ല്‍ തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും അവിടെ എന്‍ആര്‍സി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എസ്‌ഐആറിന്റെ രണ്ടാം ഘട്ടത്തില്‍ നിന്നും അസ്സമിനെ ഒഴിവാക്കിയെന്നും കമ്മിഷണർ അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0