കഫ് സിറപ്പുകളുടെ വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് 20ലേറെ കുട്ടികൾ മരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപ്പനയിലും നിർമാണത്തിലുമാണ് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ ചുമക്കും ജലദോഷത്തിനും കഫ് സിറപ്പുകൾ നൽകരുതെന്ന് കേന്ദ്രം കർശന നിർദേശം നൽകി. ഡ്രഗ്‌സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യും. പൊതു ജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം. ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധിക്കണം. ഇതിന്റെ കൃത്യമായ രജിസ്റ്റർ നിർമാതാക്കൾ സൂക്ഷിക്കണമെന്നും പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുള്ള കരട് വിജ്ഞാപനത്തിൽ പറയുന്നു.
തമിഴ്‌നാട് ആസ്ഥാനമായ ശീഷൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച 'കോൾഡ്രിഫ്' കഫ് സിറപ്പിൽ ഡൈ എഥിലിൻ ഗ്ലൈക്കോൾ എന്ന മാരകവിഷാംശം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ കമ്പനിയുടെ നിർമാണ ലൈസൻസ് റദ്ദാക്കുകയും വിപണിയിലുള്ള മരുന്നുകൾ തിരിച്ചുവിളിക്കുകയും ചെയ്‌തിരുന്നു. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഓരോ ബാച്ചിലും കൃത്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പുതിയ നിയന്ത്രണം വരുന്നതോടെ എളുപ്പത്തിൽ കഫ് സിറപ്പുകൾ വിൽക്കുന്നതിന് നിയന്ത്രണമുണ്ടാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



