തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; പി വി അന്‍വറിനെ സഹകരിപ്പിക്കാൻ മുസ്ലിം ലീഗ് നീക്കം
മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം തുടരുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവായ പി വി അൻവറിനേയും സഹകരിപ്പിക്കാൻ മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു. പ്രാദേശിക സാഹചര്യം നോക്കിയാണ് അൻവറുമായി സഹകരിക്കാനുള്ള തീരുമാനമാനമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. എസ് ഡി പി ഐയുമായും ചർച്ചകൾ നടക്കുന്നതായാണ് വിവരം.
യു ഡി എഫിനുള്ള വെൽഫെയർ പാർട്ടി പിന്തുണ പരസ്യമാക്കിക്കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യു ഡി എഫിൻ്റെ നീക്കം. ആർ എം പിയെ പോലെ വെൽഫെയർ പാർട്ടിയെയും മുന്നണിയിൽ അസോസിയേറ്റ് ഘടകക്ഷിയാക്കണമെന്ന ആവശ്യം യു ഡി എഫിനു മുമ്പാകെയുണ്ട്. പ്രാദേശികമായി യു ഡിഎഫ് വെൽഫെയർ പാർട്ടിയുമായി നീക്ക്പോക്ക് നടത്തുമെന്ന് പി എം എ സലാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വർഷങ്ങളോളം എൽഡിഎഫുമായി വെൽഫെയർ പാർട്ടി സഹകരിച്ചിട്ടുണ്ടെന്ന പി എം എ സലാമിന്റെ പ്രതികരണം വരാനിരിക്കുന്ന വിമർശനങ്ങളെ തടയാനുള്ള ശ്രമമായാണ് കാണുന്നത്.
അതെ സമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ ലീഗ് കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് യൂത്ത് ലീഗ്. വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ടവർക്ക് വിജയത്തിന് അനിവാര്യമെങ്കിൽ ഇളവ് ഉണ്ടാകുമെന്ന് പി എം എ സലാം വ്യക്തമാക്കിയിരുന്നു. മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിലും ഇളവ് നേടാൻ ലക്ഷ്യമിട്ടെന്ന വിമർശനവും പാർട്ടിയിൽ നിന്ന് ഉയർന്നു വരുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



