കുമ്പളയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾ പോലും കുരുങ്ങുന്നു; ഉന്നത അധികാരികൾക്ക് കത്തയച്ച് എം എൽ എ
കുമ്പള: ആരിക്കാടിയിൽ ടോൾ ഗേറ്റ് മൂലം ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ജനങ്ങളുടെ ശക്തമായ എതിർപ്പ് വകവെക്കാതെ ദേശീയപാത അതോറിറ്റി ഏകപക്ഷീയമായി നിർമ്മിക്കുന്ന താത്ക്കാലിക ടോൾ ഗേറ്റ് മൂലം ഗതാഗതക്കുരുക്കിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫ് കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി തുടങ്ങി ഉന്നത അധികാരികൾക്ക് കത്തയച്ചു.
കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ ടോൾ പിരിവ് തുടങ്ങുകയുള്ളൂ എന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ടോൾ ഗേറ്റിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ലെങ്കിൽ പോലും വാഹനങ്ങളുടെ നീണ്ട ക്യൂവാണ് ദിവസേന ദേശീയപാതയിൽ രൂപപ്പെടുന്നത്. ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബ്ലോക്ക് കിലോമീറ്ററുകളോളം നീളാൻ സാധ്യതയുണ്ടെന്നും നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും എം.എൽ.എ. കത്തിൽ ചൂണ്ടിക്കാട്ടി. 22 കിലോമീറ്റർ ദൂരത്തിൽ തലപ്പാടിയിൽ മറ്റൊരു ടോൾ ഗേറ്റ് നിലവിലുണ്ടായിരിക്കെ ഇതിനോട് ഇത്രയും കുറഞ്ഞ ദൂരത്തിൽ വീണ്ടും ഒരു ടോൾ ഗേറ്റ് സ്ഥാപിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് എം.എൽ.എ. ആരോപിച്ചു.
നിലവിൽ ട്രാഫിക് ബ്ലോക്ക് കാരണം ആംബുലൻസുകൾക്ക് പോലും യഥാസമയം കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാസർകോട് ജില്ലയിൽ നിന്ന് മംഗലാപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് കൃത്യ സമയത്ത് വിമാനത്താവളത്തിൽ എത്താൻ കഴിയുന്നില്ല. വിദഗ്‌ധ ചികിത്സയ്ക്കായി മംഗലാപുരത്തെ വിവിധ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികൾക്കും ആയിരത്തിലേറെ വിദ്യാർത്ഥികൾക്കും ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



