പി എം ശ്രീ പദ്ധതിയിൽ ഭാഗമാകാൻ കേരളവും; 332 സ്കൂളുകൾ കേന്ദ്രസർക്കാറിന്റെ കീഴിലാവും
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) പി എം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകുന്നു. ഇതോടെ സംസ്ഥാനത്തെ മുന്നൂറ്റി മുപ്പത്തിരണ്ട് സ്‌കൂളുകൾ കേന്ദ്ര സർക്കാറിൻ്റെ കീഴിലാകും. ഇതിലൂടെ 1466 കോടി രൂപയുടെ കേന്ദ്ര സഹായമാണ് കേരളത്തിന് ലഭ്യമാവുക. സി പി ഐയുടെ എതിർപ്പ് മറികടന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം. രാജ്യത്തെ വിദ്യാഭ്യാസ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിൻ്റെ കീഴിൽ സ്‌കൂൾ നടത്തിപ്പും, പാഠഭാഗങ്ങളും, സിലബസും നിർണ്ണയിക്കാനുള്ള അധികാരം കേന്ദ്രത്തിന് ലഭിക്കുന്നതാണ് പി എം ശ്രീ പദ്ധതി. ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്‌കൂളുകൾ വീതം കേന്ദ്രം ഏറ്റെടുക്കുമ്പോൾ വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് ഇത് വെല്ലുവിളിയാകുമെന്ന ആശങ്ക ശക്തമാണ്.
പി എം ശ്രീ പദ്ധതിക്കെതിരെ നേരത്തെ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും രംഗത്തു വന്നിരുന്നു. വിദ്യാർത്ഥി സംഘടനകളുമായി വിഷയം ചർച്ച ചെയ്‌തപ്പോഴും പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടായത്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണെന്നും, കേന്ദ്ര ഫണ്ട് എല്ലാ വിഭാഗങ്ങൾക്കും അവകാശപ്പെട്ടതാണെന്നും വെറുതെ 1466 കോടി രൂപ കളയേണ്ടതില്ലെന്നുമാണ് മന്ത്രി പറയുന്നത്. കേന്ദ്രഫണ്ട് എല്ലാ വകുപ്പുകളും സ്വീകരിക്കുന്നുവെന്നും വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കുന്നുവെന്ന് കണ്ടാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകുന്നതോടെ സിപിഐ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു. വരും ദിവസങ്ങളിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



