15 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിൽ വിശാഖപട്ടണത്ത് ഗൂഗിളിന്റെ ആദ്യ എ ഐ ഹബ് ഒരുങ്ങുന്നു

Oct 14, 2025 - 15:34
Oct 14, 2025 - 15:39
15 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിൽ വിശാഖപട്ടണത്ത് ഗൂഗിളിന്റെ ആദ്യ എ ഐ ഹബ് ഒരുങ്ങുന്നു

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 15 ബില്യൺ ഡോളറിന്റെ നിക്ഷേപ പ്രഖ്യാപനവുമായി ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചെ. ഗൂഗിൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ആദ്യത്തെ എ ഐ ഹബ്ബിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി സുന്ദർ പിച്ചെ അറിയിച്ചു. വിശാഖപട്ടണത്ത് ഭീമൻ ഡാറ്റാ സെൻ്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രവും സ്ഥാപ്പിക്കുമെന്നും ഇതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 ബില്യൺ യു എസ് ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു.

വികസനത്തിലെ നാഴികക്കല്ലായ ഈ സംരംഭം അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ എ ഐ ഹബ്ബും കൂടിയാണ്. ജിഗാവാട്ട് സ്കെയിലിലുള്ള കമ്പ്യൂട്ടിംഗ് ശേഷി, പുതിയ അന്താരാഷ്ട്ര അന്തർവാഹിനി കേബിൾ പ്രവേശന കവാടം, വലിയ ഊർജ്ജ ഇൻഫ്രാസ്ട്രക്‌ചർ എന്നിവയെല്ലാം ഈ ഹബ്ബിൽ ഒരുമിക്കുന്നുണ്ടെന്നും ഇന്ത്യൻ വംശജൻ കൂടിയായ സുന്ദർ പിച്ചെ വ്യക്തമാക്കി. ഇന്ത്യൻ സംരംഭങ്ങളിലേക്കും ഉപയോക്താക്കളിലേക്കും തങ്ങളുടെ സാങ്കേതികവിദ്യ കൈമാറുകയും ഇത് രാജ്യത്തുടനീളം എ ഐ ഇന്നൊവേഷൻ ത്വരിതപ്പെടുത്തുകയും വളർച്ചയ്ക്ക് പ്രചോദനം നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിൾ അദാനി ഗ്രൂപ്പ് സഹകരണത്തോടെയാണ് ഒരുങ്ങുന്ന എ ഐ ഡാറ്റാ സെൻ്റർ കാമ്പസ് രാജ്യത്തെ ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്. എ ഐയിൽ അധിഷ്‌ഠിതമായ സേവനങ്ങളുടെ വികസനം ത്വരിതപ്പെടുത്താനുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ വികസിത ഭാരത് 2047 വിഷനുമായി ഇത് യോജിച്ചു പോകുന്നതാണെന്ന് കമ്പനി ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0