‘പലസ്തീന്‍ മൈം അതേ വേദിയില്‍ അവതരിപ്പിക്കാന്‍ അനുമതി നൽകും, തടയാന്‍ ആര്‍ക്കാണ് അധികാരം’; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
കാസർകോട്: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂൾ കലോത്സവത്തിൽ മൂകാഭിനയ ടീം മൈം അവതരിപ്പിച്ചതിനെ തുടർന്ന് അധ്യാപകൻ ഇടപെട്ട് പരിപാടി നിർത്തിയതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി. മൈം അവതരിപ്പിച്ചതിന് പരിപാടി നിർത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്‌ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
'പലസ്തീൻ വിഷയത്തിൽ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നു. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. പലസ്‌തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം. പലസ്‌തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?. കുമ്പള സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും' മന്ത്രി പ്രതികരിച്ചു.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിയാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ പ്രമേയമാക്കിയത്. മൈം തുടങ്ങി രണ്ടര മിനിറ്റ് പിന്നിട്ടപ്പോഴേക്ക് അധ്യാപകര്‍ സ്റ്റേജിലെത്തി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് അധ്യപകരുമായും പിടിഎ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



