കാസർകോട് ആസ്റ്റർ മിംസ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Oct 2, 2025 - 14:42
Oct 2, 2025 - 14:46
കാസർകോട് ആസ്റ്റർ മിംസ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

കാസർകോട്: ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് പുതിയ അദ്ധ്യായം കുറിച്ച് ആസ്റ്റർ ഗ്രൂപ്പിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാസറഗോഡ് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ആസ്റ്റർ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായിരുന്നു. 

264 കിടക്കകളുള്ള ആശുപത്രി കേരളത്തിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൻ്റെ എട്ടാമത്തെ ആശുപത്രിയാണ്. ആഗോള നിലവാരത്തിലുള്ള ചികിത്സാ വൈദഗ്ധ്യവും പരിചയസമ്പന്നതയുമുള്ള അറുപതിലധികം ഡോക്ടർമാരുടെ സംഘമാണ് ആശുപത്രിയിൽ സേവനത്തിനായുള്ളത്. ഇരുപത്തിനാല് മണിക്കൂറും ആംബുലൻസ് സൗകര്യവും, 20 കിടക്കകളുമുള്ള അത്യാഹിത വിഭാഗം അടിയന്തര രോഗനിർണയവും ആദ്യഘട്ട ചികിത്സയും ഉറപ്പാക്കും. 44 തീവ്രപരിചരണ വിഭാഗം കിടക്കകളും, നവജാതശിശുക്കൾക്കായുള്ള 16 എൻഐസിയു കിടക്കകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏഴ് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും രണ്ട് മൈനർ ഓപ്പറേഷൻ തിയേറ്ററുകളും, കീമോതെറാപ്പി ആവശ്യമുള്ള രോഗികൾക്കായി ഏഴ് കിടക്കകളും, ഡയാലിസിസ് ആവശ്യമുള്ളവർക്കായി 15 കിടക്കകളും ഇവിടെ സജ്ജമാണ്.

ഉന്നത നിലവാരത്തിലുള്ള ചികിത്സ എല്ലാതരം മനുഷ്യർക്കും ഒരുപോലെ ലഭ്യമാക്കുക എന്നതാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എക്കാലത്തും മുന്നോട്ട് വയ്ക്കുന്ന ആശയമെന്ന് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആരോഗ്യ സേവനങ്ങൾ കൂടുതൽ അടുത്തെത്തിയിരിക്കുകയാണ്. കാസർകോട്ടെ ജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് പുതിയ ആശുപത്രിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്‌ഘാടന ചടങ്ങിൽ കാസർകോട് എംഎൽഎ എൻ.എ. നെല്ലിക്കുന്ന് അധ്യക്ഷനായി. കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാരായ എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ണൻ തുടങ്ങിയവരും പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0