സി അബ്ദുള്ള ഹാജി ചള്ളങ്കയം ജിദ്ദ; സാന്ത്വനം പകർന്ന വിനയാന്വിതൻ
സാന്ത്വനം മുഖ മുദ്രയാക്കിയ വിനയാനിത്വനായ വ്യക്തിത്വമായിരുന്നു ഇന്നലെ വിടപറഞ്ഞ സി അബ്ദുള്ള ഹാജി ചള്ളങ്കയം എന്ന അദ്ളച്ച. നാട്ടിൽ നിന്ന് ജിദ്ദയിലെത്തുന്നവർക്കും ഉംറ നിർവഹിക്കാനെത്തുന്നവർക്കും ഏറെ പ്രതീക്ഷയായിരുന്നു അദ്ദേഹം. ജോലി തേടി വിദേശത്ത് എത്തുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയും ഭക്ഷണം നൽകിയും സാന്ത്വനം പകർന്ന് സി അബ്ദുള്ള ഹാജി കൂടെപ്പിറപ്പുപോലെ കൂട്ടിനു നിന്നിരുന്നു. തന്റെ ശാരീരിക അവശതകൾ വക വെക്കാതെ മറ്റുള്ളവർക്ക് തണലാവാനായിരുന്നു അബ്ദുള്ള ഹാജി ശ്രമിച്ചിരുന്നത്. ജോലി തിരക്കുകൾക്കിടയിലും ദീനി സംഘടനകളോടും സ്ഥാപനങ്ങളോടും കൂറു പുലർത്തിയിരുന്ന അദ്ദേഹം മുഹിമ്മാത്തിന്റെ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു.
മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസ ജീവിതത്തിനിടയിൽ അദ്ദേഹം അധികവും ചെലവഴിച്ചത് വിദേശത്തു തന്നെയായിരുന്നു. കുടുംബത്തിനും ഭാര്യക്കും മക്കൾക്കും അദ്ദേഹം ആവശ്യത്തിലധികം എല്ലാം നല്കാൻ തയ്യാറായി. കുടുംബത്തിലും നാട്ടിലും പുറം നാട്ടിലും കല്യാണം പോലുള്ള കാര്യങ്ങൾക്ക് സ്വന്തം മക്കളെ പോലെ അദ്ദേഹം എല്ലാം നൽകി. പെരുന്നാൾ പോലുള്ള ആഘോഷ ദിവസങ്ങളിൽ ആരോരുമില്ലാത്തവരുടെ സന്തോഷങ്ങൾക്ക് സ്വന്തത്തെപ്പോലെ താങ്ങായി നിന്നു. കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ ഗൾഫ് സ്വപ്നവുമായി എത്തിപ്പെടുന്നവർക്ക് ആരും തുണയില്ലാത്ത സമയത്ത് സ്വന്തം പിതാവിനെപ്പോലെ വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് കൂടെ നിന്നു. ആദ്യമായി ഗൾഫിലെത്തിയവർ അനുഭവിക്കുന്ന താമസത്തിന്റെയും ഭക്ഷണത്തിന്റെയും കഷ്ടതകൾ അബ്ദുള്ള ഹാജിയെ കണ്ട് മുട്ടിയവരാരും അനുഭവിച്ചിട്ടുണ്ടാവില്ല. ജോലിയെന്ന സ്വപ്നത്തിലേക്ക് പലർക്കും വിസ നൽകി അദ്ദേഹം ജീവിതം നൽകി. അത് മുഖേന അനേകം കുടുംബങ്ങൾക്ക് ആശ്രയമായി.
പത്തു വർഷത്തിലേറെ ജിദ്ദയിലെ മുഹിമ്മാത്തിന്റെ പ്രവർത്തങ്ങളിൽ പ്രസിഡന്റായി സജീവമായി ഇടപെട്ടിരുന്ന അബ്ദുള്ള ഹാജി സ്ഥാപനത്തിന്റെ ഓർഗനൈസർമാർക്ക് കരുത്ത് പകർന്ന് കൂടെ നിൽക്കുകയും അവരുടെ സുഖ സന്തോഷങ്ങൾക്ക് ഒത്താശ ചെയ്യുകയും സ്ഥാപനത്തിന് വേണ്ടി അടിത്തറ ഉണ്ടാകുന്നതിൽ സജീവമായി ഇടപെടുകയും വലിയ സഹകരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തോടെ വിനയാന്വിതനായ സാന്ത്വന പ്രവർത്തകനെയും ദീനി സേവകനെയുമാണ് നമ്മുക്ക് നഷ്ടമായിരിക്കുന്നത്.
തന്റെ ആരോഗ്യകാലം ദീനി സേവനത്തിനായി മാറ്റിവെച്ച അബ്ദുള്ള ഹാജി കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖത്തെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. ശാരീരിക അവശതകൾ കാരണം പ്രയാസങ്ങൾ സഹിക്കേണ്ടി വന്നു. അതെല്ലാം പാരത്രിക ലോകം സുഗമമായിത്തീരാൻ കാരണമായിത്തീരട്ടെ... അദ്ദേഹം ചെയ്ത നന്മകൾ പ്രതിഫലമായി കൂട്ടിനുണ്ടാവട്ടെ...ആമീൻ
What's Your Reaction?
Like
5
Dislike
0
Love
1
Funny
0
Angry
1
Sad
5
Wow
0


