തദ്ദേശ തെരഞ്ഞെടുപ്പ്; ഇന്ന് മുതല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാൻ അവസരം
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടിക പുതുക്കാനും പേരു ചേർക്കാനും ഇന്ന് മുതൽ അ`വസരം. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. ഒക്ടോബർ 14 ആണ് അവസാന തീയതി. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും 1,49,59,235 സ്ത്രീകളും 276 ട്രാൻസ്ജെൻഡറും പുറമെ 2087 പ്രവാസി വോട്ടർമാരുമാണ് വോട്ടർപട്ടികയിലുള്ളത്.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധിക്കാവുന്നതാണ്. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത്, അതിൻ്റെ പ്രിൻ്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട്‌ട ഫാറത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



