വരവൂർ;ആത്മായനങ്ങളുടെ കഥ പറയുന്ന ഇരപകലുകൾ

Sep 23, 2025 - 14:01
Sep 24, 2025 - 15:02
വരവൂർ;ആത്മായനങ്ങളുടെ കഥ പറയുന്ന ഇരപകലുകൾ

തൃശ്ശൂർ ജില്ലയിലെ വരവൂർ വളവിൽ നിന്നും ഏകദേശം 500 മീറ്റർ ദൂരത്തായി മുള്ളോർക്കര വഴിയിൽ സ്ഥിതി ചെയ്യുന്ന മഖാമാണ് വരവൂർ മഖാം. വലിയുള്ളാഹി വരവൂർ മുഹമ്മദ് കുട്ടി മസ്താനുപ്പാപ്പയുടെ (ഖ:സി) അന്ത്യവിശ്രമ സ്ഥലമാണ് ഈ തീർത്ഥാടന കേന്ദ്രം. മുഹമ്മദ് കുട്ടി മസ്താൻ എന്ന മഹാനവർകളെ വല്ല്യാപ്പ എന്നും മസ്താൻ വല്ല്യാപ്പ എന്നുമാണ് ആദരപൂർവ്വം എല്ലാവരും വിളിക്കുന്നത്. ജാതിമത ഭേദമന്യേ നാനാജാതി മതസ്ഥരും ഇവിടെ സന്ദർശിച്ചു വരുന്നുണ്ട്.

മസ്താനുപ്പാപ്പയുടെ 'ജനനം' 

വരവൂർ എന്ന ഗ്രാമത്തിൽ ബീരാൻ മൊല്ലാക്കയുടെ 14 -മത്തെ മകനായി ജനിച്ചു. മുൻപ് ജനിച്ച 13 മക്കളും ജനിച്ച ഉടനെ തന്നെ മരണപ്പെട്ടു. അതിൽ വളരെയേറെ വിഷമിതനായ പിതാവ് ഒരിക്കൽ കാഞ്ഞിരമുറ്റം ഷൈഖ് ഫരീദ് ഔലിയ തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്ത് മഹാനവർകളെ മുൻനിർത്തി അല്ലാഹുവിനോട് ഒരു കുഞ്ഞിനു വേണ്ടി ആവലാതി ബോധിപ്പിച്ചു. അങ്ങനെ സിയാറത്ത് കഴിഞ്ഞ അന്ന് രാത്രി തന്നെ തൻ്റെ പിതാവായ ബീരാൻ മുല്ലാക്ക ഒരു സ്വപ്നംകണ്ടു. മഹാനായ കാഞ്ഞിരമുറ്റം ഷൈഖ് ഫരീദ് ഔലിയ തന്നെ സ്വപ്നത്തിൽ വന്നുപറഞ്ഞു: 'നിങ്ങൾക്ക് ഒരു ആൺ കുട്ടി ജനിക്കും. ആ കുട്ടിയെകൊണ്ട് നിങ്ങൾക്ക് പുതുമനിറഞ്ഞ ഒരു സന്തോഷപ്പുലരി ലഭിക്കും'. തുടർന്ന് ആ സ്വപ്നം പുലരുകയായിരുന്നു.

ആത്മീയ ജീവിതം

ചെറുപ്പം മുതൽ തന്നെ ആത്മീയ പഠനം ആരംഭിച്ചു. ഈ അടുത്ത സമയത്ത് വിടപറഞ്ഞ 'ശൈഖുനാ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ, ഐദ്രോസി അൽ അസ്ഹരി തങ്ങൾ(ന:മ), ഇവരെല്ലാം മസ്താനുപ്പാപ്പാക്ക് കിതാബ് ചൊല്ലി കൊടുത്തിട്ടുണ്ട്. ഗുരു ശിഷ്യ ബന്ധം എന്നതിലുപരിയായി വലിയ ആത്മബന്ധമായിരുന്നു അസ്ഹരി തങ്ങളും മസ്താൻ ഉപ്പാപ്പയും തമ്മിൽ ഉണ്ടായിരുന്നത്. തങ്ങൾ നാട്ടിൽ ഉണ്ടായിരുന്ന സമയമെല്ലാം വരവൂരിൽ വന്നു മസ്താൻ ഉപ്പാപ്പയെ കാണൽ പതിവായിരുന്നു. പല സമയത്തും തങ്ങൾ വരുമ്പോൾ ഉസ്താദിനേയും ഒപ്പം കൂട്ടുമായിരുന്നു. ആത്മബന്ധത്തിന്റെ നിറദീപ്തിനിറഞ്ഞതായിരുന്നു അവിടം.
മസ്താൻ വല്ല്യാപ്പ ആത്മീയ ജീവിതത്തിൻ്റെ പടവുകൾ കയറിവരുന്ന സമയത്താണ് ആ കാലഘട്ടത്തിലെ ഔലിയാക്കളുടെ ഇടയിൽ വിലായത്തിൻ്റെ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന മഹാനായ ഷൈഖ് അജ്മീർ ഫഖീർ അമ്പംകുന്ന് ബീരാൻ ഔലിയ(ഖ:സി) വരവൂർ നാട്ടിലൂടെ യാത്ര പോകുന്നത്. തൻ്റെ ആദ്യ കാഴ്ചയിൽ തന്നെ മുഹമ്മദ് കുട്ടി എന്ന മുതഅല്ലിമിൻ്റെ ഖൽബിലെ ആത്മദാഹം തിരിച്ചറിഞ്ഞ ബീരാൻ ഔലിയ ആ മുതഅല്ലിമിനെ തൻ്റെ മുരീദ് ആക്കി കൂടെകൂട്ടി. പിന്നീട് കുറെ വർഷങ്ങൾ ബീരാൻ ഔലിയയുടെ കൂടെ കഴിഞ്ഞു. അങ്ങനെ അമ്പംകുന്നിൻ്റെ തർബീയത്തിൽ ആത്മീയ ഉന്നതി കൈവരിച്ചു. കുറച്ചുകാലത്തിന് ശേഷം തൻ്റെ ശൈഖായ ബീരാൻ ഔലിയയുടെ ആജ്ഞ പ്രകാരം മസ്താൻ ഉപ്പാപ്പ അജ്മീറിൽ എത്തി. നീണ്ട പത്ത് വർഷം ഗരീബ് നവാസിൻ്റെ സന്നിധിയിൽ കഴിഞ്ഞുകൂടി. ഒരിക്കൽ ഖാജാ മുഈനുദ്ധീൻ അജ്മീരി(ഖ:സി) തങ്ങൾ സ്വപ്നത്തിൽ വന്നു പറഞ്ഞു: 'നിങ്ങൾ ഇനി നാട്ടിലേക്ക് മടങ്ങിക്കൊളൂ'. തിരികെ മടങ്ങിയെത്തിയ മസ്താൻ ഉപ്പാപ്പ ജദ്ബിൻ്റെ അവസ്ഥയിൽ ആയിരുന്നു.
ശിഷ്ട ജീവിതം മസ്താനുപ്പാപ്പ  വരവൂരിലെ സ്വവസതിയിൽ വഫാത്ത് വരേക്കും ആത്മീയ പ്രകാശോജ്ജ്വല സാന്നിധ്യമായി വെളിച്ചം പകർന്നു. സമസ്ത പണ്ഡിത സഭയോട് കൂടെ ചേർന്ന് നിന്ന മഹാനവർകളുടെ വഫാത്തായതിനു ശേഷം വരവൂരിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായി അവിടുത്തെ മഖാം മാറി. വരവൂർ ജുമുഅത്ത് പള്ളിയോട് ചേർന്ന് തന്നെ സ്ഥിതി ചെയ്യുന്ന അന്ത്യവിശ്രമ കേന്ദ്രം മനോഹരമായ ഇസ്ലാമിക വാസ്തു ശില്പ ചാരുതയുടെ മകുടോദാഹരണമാണ്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ആണ്ടു നേർച്ചയിൽ ബഹുമുഖ പ്രഭാഷകരുടേയും,സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ പണ്ഡിതരുടെ മഹനീയ നേതൃത്വം, അജ്മീർ ശൈഖിൻ്റെ പൗത്രന്മാരുടെ  നിറസാന്നിധ്യവും കൊണ്ട്  ശ്രദ്ദേയമാണ്. മത സാംസ്കാരിക പരിപാടിയും അഞ്ചു ദിവസവും നീണ്ടു നിൽക്കുന്ന അന്നദാനവും ഉണ്ടാകാറുണ്ട്.

വരവൂരിലെ ആണ്ടു നേർച്ച

എല്ലാ വർഷവും മാർച്ച് ഏപ്രിൽ,ജനുവരി മാസങ്ങളിൽ ആണ് ആണ്ടു നേർച്ചയും അന്നദാനവും നടക്കാറുള്ളത്. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന നേർച്ച വളരെ പ്രസിദ്ധമാണ്.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 2