പോലീസ് കസ്റ്റഡി മര്‍ദനം: നടപടി ആവശ്യപ്പെട്ട് യു ഡി എഫ് സത്യഗ്രഹ സമരം
തിരുവനന്തപുരം: പോലീസ് കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന നിയമസഭാ അടിയന്തിര പ്രമേയ ചർച്ചക്ക് പിന്നാലെ കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് നിയമസഭയ്ക്കു മുമ്പില്‍ സത്യഗ്രഹ സമരം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം പ്രഖ്യാപിച്ചത്. എം എല്‍ എമാരായ സനീഷ് കുമാറും എ കെ എം അഷ്‌റഫുമാണ് സത്യഗ്രഹമിരിക്കുക. ക്രൂരമായ കസ്റ്റഡി മര്‍ദനം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം നടത്താനാണ് പ്രതിപക്ഷ തീരുമാനം.
വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തില്‍ നിയമസഭയിൽ രണ്ടര മണിക്കൂറിലധികം ചർച്ചകൾ നടന്നു. റോജി എം ജോൺ എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹം സംസാരം തുടങ്ങിയത്. അന്ന് പോലീസ് മർദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പോലീസാണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്ന് റോജി പറഞ്ഞു. തുടർന്ന് കോൺഗ്രസ് ഭരണ കാലത്തെ പോലീസ് ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അക്രമ സ്വഭാവത്തോടെ പെരുമാറിയ 144 പോലീസ് ഉദ്യോഗസ്ഥരെ തന്റെ ഭരണ കാലത്ത് സേനയിൽ നിന്നും പിരിച്ചു വിട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി.
പോലീസ് കസ്റ്റഡി മർദനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നൽകുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



