ആരിക്കാടി ടോള്‍ ഗേറ്റ്: ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Sep 15, 2025 - 11:39
Sep 15, 2025 - 12:30
ആരിക്കാടി ടോള്‍ ഗേറ്റ്: ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കുമ്പള: ദേശീയപാത 66 വികസന ഭാഗമായി കുമ്പള ആരിക്കാടിയിൽ നിർമ്മാണം ആരംഭിച്ച ടോൾ ഗേറ്റിനെതിരെ കർമ സമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ടോൾ ഗേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും കർമസമിതിയും നൽകിയ ഹർജി നേരത്തെ ഹൈക്കോടതി സിംഗിൽ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും നാട്ടുകാരും.

ടോൾ ഗേറ്റ് നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലാണ് കർമ്മ സമിതി. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റർ അകലെ നിർമിക്കേണ്ട ടോൾ ഗേറ്റ് 23 കിലോ മീറ്റർ പരിധിയിൽ നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിലവിൽ കർണാടക പരിധിയിൽ ടോൾ ഗേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് 60 കി.മീ മാറി പെരിയ ചാലിങ്കാലിൽ ടോൾ ഗേറ്റ് നിർമിച്ചുവരികയാണ്. ഇതിനു പുറമെയാണ് കുമ്പള ആരിക്കാടിയിൽ ടോൾ ഗേറ്റ് നിർമ്മിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0