കുമ്പള ടോള്‍പ്ലാസ: വികസനത്തിന്റെ മുഖംമൂടി ധരിച്ച കൊള്ളയടി

Sep 10, 2025 - 13:48
കുമ്പള ടോള്‍പ്ലാസ: വികസനത്തിന്റെ മുഖംമൂടി ധരിച്ച കൊള്ളയടി

കേരളത്തിന്റെ വടക്കന്‍ കവാടമായ കാസര്‍ഗോഡ് ഇന്നും അടിസ്ഥാന സൗകര്യങ്ങളുടെ വെളിച്ചം ലഭിക്കാതെ ഇരുട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ജില്ല വലിയ പിന്നാക്കക്കാവസ്ഥയിലാണ്. ജീവിതത്തിന്റെ പല ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ നിര്‍ബന്ധിതരായി മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. ചികിത്സയ്ക്കും, പഠനത്തിനും, തൊഴിലിനും വ്യാപാരത്തിനുമായി ദൈനംദിന യാത്രകളാണ് ജനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രത്യേക സാഹചര്യത്തെ അവഗണിച്ചുകൊണ്ടാണ് ആരിക്കാടിയില്‍ ദേശീയപാത അതോറിറ്റി ടോള്‍പ്ലാസ സ്ഥാപിക്കാന്‍ തുടങ്ങിയത്. കേന്ദ്ര ഗതാഗതമന്ത്രി പാര്‍ലമെന്റില്‍ തന്നെ പ്രഖ്യാപിച്ച അറുപത് കിലോമീറ്റര്‍ ഇടവിട്ട് മാത്രമേ ടോള്‍ സ്ഥാപിക്കാവൂ എന്ന നിയമം പോലും ഇവിടെ അവഗണിക്കപ്പെട്ടുവെന്നത് യാഥര്‍ഥ്യമാണ്. ജനങ്ങളുടെ പ്രതിഷേധവും അവകാശങ്ങളും എല്ലാം നിരസിച്ച്, കമ്പനികളുടെ ലാഭത്തിനും കരാറുകാരുടെ താല്‍പര്യങ്ങള്‍ക്കും വഴങ്ങിയാണ് ഈ പദ്ധതിയെന്ന് തെളിഞ്ഞു.
ഒരു രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സ് വരെ ഈ ടോള്‍പ്ലാസയില്‍ തടഞ്ഞുനിര്‍ത്തേണ്ടി വരുമെന്നത് മനുഷ്യാവകാശത്തെയും ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശത്തെയും നേരിട്ട് വെല്ലുവിളിക്കുന്നതാണ്. വിദ്യാര്‍ത്ഥിയുടെ പഠനച്ചെലവും, തൊഴിലാളിയുടെ ദിവസവേതനവും, രോഗിയുടെ ചികിത്സാചെലവും എല്ലാം കൂടി കൊള്ളയടിക്കപ്പെടുന്ന സ്ഥിതിയാണ് ഇവിടെ.
കാസര്‍ഗോഡിന്റെ സാമൂഹിക-ഭൗമിക യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഭരണകൂടം വിസമ്മതിക്കുന്നത് വലിയ കുറ്റമാണ്. കേരളത്തിന്റെ ഭാഗമായിട്ടും, അനിവാര്യമായ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ മംഗലാപുരത്തെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തില്‍, ടോള്‍പ്ലാസ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരത മാത്രമാണ്. ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടും, നിയമപരമായ വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും, അധികാരികളുടെ അനാസ്ഥക്ക് മാറ്റമുണ്ടായിട്ടില്ല. ഇത് വികസനമല്ല, മറിച്ച് ഭരണാധികാരികളുടെ ജനവിരുദ്ധ മുഖമാണ്. കുമ്പളയിലെ ടോള്‍പ്ലാസ, ഒടുവില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക ''വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്ന വഞ്ചന'' എന്ന നിലയിലാണ്. ജനങ്ങളുടെ കണ്ണീരും പ്രതിഷേധവും അവഗണിച്ച് നിര്‍മ്മിക്കുന്ന ഏതു പദ്ധതിയും ഒടുവില്‍ ഭരണകൂടത്തിന്റെ നീതിഹീനതയുടെ തെളിവായേ മാറുകയുള്ളു.

✍മുഹമ്മദ് ഹനീഫ് പള്ളപ്പാടി

What's Your Reaction?

Like Like 7
Dislike Dislike 0
Love Love 2
Funny Funny 2
Angry Angry 1
Sad Sad 0
Wow Wow 0