ആരിക്കാടി ടോള്‍ ഗേറ്റ് നിര്‍മ്മാണം; ബഹുജന മാര്‍ച്ച് പോലീസ് തടഞ്ഞു

Sep 8, 2025 - 15:24
ആരിക്കാടി ടോള്‍ ഗേറ്റ് നിര്‍മ്മാണം; ബഹുജന മാര്‍ച്ച് പോലീസ് തടഞ്ഞു

കുമ്പള: ദേശീയ പാത വികസന ഭാഗമായി നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന ആരിക്കാടി ടോള്‍ ഗേറ്റിലേക്ക് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ബഹുജന മാര്‍ച്ച് നടന്നു. എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അണിനിരന്ന പ്രതിഷേധം ടോള്‍ ഗേറ്റ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ടോള്‍ഗേറ്റ് നിര്‍മാണം നിര്‍ത്തിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കര്‍മസമിതി നേതാക്കള്‍ അറിയിച്ചു. ടോള്‍ ഗേറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കാസര്‍കോട് നഗരസഭ, മൊഗ്രാല്‍ പുത്തൂര്‍, ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കര്‍മസമിതി വിപുലീകരിച്ചിരുന്നു. കര്‍മസമിതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ, ടോള്‍ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നതുവരെ നിര്‍മാണ പ്രവൃത്തി തുടങ്ങില്ല എന്നറിയിച്ച കമ്പനി നിര്‍മാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതിയും നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0