മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍; നബി സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ച
റബീഉല്‍ അവ്വലിന്റെ അനുഗ്രഹീത ദിനങ്ങള്‍ കൊഴിഞ്ഞു പോയപ്പോള്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 1500-ാം നബിദിനാഘോഷം ആത്മീയ തിളക്കത്തോടെ ജനഹൃദയങ്ങളില്‍ പതിഞ്ഞു. തിരു വസന്തത്തെ വരവേറ്റ് മഞ്ചേശ്വരത്തെ മോര്‍ത്തണയില്‍ തുടക്കം കുറിച്ച തിരുനബി (സ)യുടെ ജന്മദിന സന്ദേശ റാലിയും തുടര്‍ന്ന് പതിനൊന്നു ദിവസങ്ങളോളം നീണ്ടുനിന്ന സംഗമങ്ങളും എല്ലാം കൂടി ഒരു ആത്മീയ യാത്രയായിത്തീര്‍ന്നു. ഓരോ ദിവസവും വേദിയെ അലങ്കരിച്ചിരുന്നത് സയ്യിദന്‍മാരുടേയും പണ്ഡിതന്മാരുടെയും പ്രാര്‍ത്ഥനകളും ആത്മീയ പ്രഭാഷണങ്ങള്‍ കൊണ്ടായിരുന്നു. ഹബീബിനോടുള്ള സ്‌നേഹം വിശ്വാസി ഹൃദയങ്ങളില്‍ നിറഞ്ഞു നിന്നു.
ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മദ്ഹുറസൂല്‍ പ്രകീര്‍ത്തന സദസ്സ് ഇന്നും അതേ ആവേശത്തോടെയും ഭക്തിയോടെയും അറിവിന്റെയും ആത്മീയ അനുഭവങ്ങളുടെയും പ്രകാശം ജനങ്ങളിലേക്കു പകരുന്ന സംഗമങ്ങളായി സമൂഹത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത അടയാളങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
പ്രകീര്‍ത്തന സദസ്സിന്റെ വേദി വളരെ ആകര്‍ഷണീയമായിരുന്നു. മുത്ത് നബിയുടെ 1500-ാം ജന്മദിനം ഓര്‍മ്മിപ്പിച്ച് അറബി അക്കത്തില്‍ '1500'' എന്നെഴുതിയ രൂപകല്പന വേദിയുടെ ഓരോ അക്ഷരത്തിലും കലാസൃഷ്ടികളും പ്രതീകാത്മക രൂപകല്പനകളിലും നിറഞ്ഞ് നിന്നു. അലങ്കാര വര്‍ണ്ണങ്ങളുടെ ഭംഗിയും പകിട്ടും ചേര്‍ന്നപ്പോള്‍ പ്രകീര്‍ത്തന വേദി ഒരു വിസ്മയമായി. വേദിയുടെ അലങ്കാരങ്ങളെല്ലാം മുഹിമ്മാത്തിലെ വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളായിരുന്നു. വിദഗ്ധരുടെ സഹായമില്ലാതെ, സ്വന്തം സങ്കല്‍പ്പങ്ങളും കലാവിരുതും കൊണ്ട് അവര്‍ തന്നെ അതിശയകരമായ കലാസൃഷ്ടി തീര്‍ത്തു.
മദ്ഹുറസൂലിന്റെ ആദ്യത്തെ വെള്ളിയാഴ്ച, മുഹിമ്മാത്ത് പ്രകീര്‍ത്തന സദസ്സ് ആത്മീയാനുഭൂതിയുടെ സായൂജ്യത്താല്‍ നിറഞ്ഞു കവിഞ്ഞു. ദൂരെദിക്കുകളില്‍ നിന്നെത്തിയ ആയിരങ്ങള്‍ മുത്ത് നബി (സ)യുടെ 'മാഉ മുബാറക് ' സ്വീകരിക്കാന്‍ കാത്തിരുന്നു. മജ്‌ലിസില്‍ വെച്ച് നല്‍കിയ മാഉ മുബാറക്കിന്റെ ആത്മീയ തിളക്കം വേദിയെ മുഴുവനായി പ്രകാശിപ്പിക്കുകയും ഹൃദയത്തില്‍ ആഴത്തിലുള്ള ശാന്തിയും ആത്മീയാനന്ദവും നിറച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മുഖങ്ങളില്‍ തിരുനബിയോര്‍മ്മകളുടെ ഓളം തെളിഞ്ഞു. ഒരു നിമിഷം സകലരും പുണ്യ ഹബീബിന്റെ(സ) കാലത്തേക്ക് സ്മരണകളുടെ വാഹനപ്പുറത്തേറി സഞ്ചരിച്ചു.
മദ്ഹുറസൂല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള പ്രധാന പദ്ധതിയായ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ 'കാരുണ്യസ്പര്‍ശം' ഈ വര്‍ഷവും കഴിഞ്ഞ കാലങ്ങളിലേതു പോലെ മികച്ച രീതിയില്‍ സംഘടിപ്പിച്ചു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായകിറ്റുകള്‍ വിതരണം ചെയ്തതോടൊപ്പം പ്രത്യേകിച്ച് ഡയാലിസിസ് വാര്‍ഡിന് ആവശ്യമായ ഉപകരണങ്ങളും നല്‍കി. മുത്ത് നബിയുടെ കരുണാര്‍ദ്ര സന്ദേശം പകര്‍ന്നു നല്‍കുന്ന ഈ പ്രവര്‍ത്തി, കണ്ടുനിന്നവരുടെ ഹൃദയങ്ങളില്‍ സന്തോഷവും കുളിരും നിറച്ചു.
റബീഉല്‍ അവ്വല്‍ 12-ന് പുലര്‍ച്ചെ മഹത്തായ പ്രഭാത മൗലിദ് സദസ്സും, സ്ഥാപന അന്തേവാസികളും നാട്ടുകാരും അണിനിരന്ന നബിദിന റാലിയും പരിപാടികള്‍ക്ക് പ്രോജ്ജ്വല സമാപനം കുറിച്ചെങ്കിലും ആ അനുഭവങ്ങള്‍ ഹൃദയത്തില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകളായി പതിഞ്ഞിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ മദ്ഹുറസൂല്‍ വേദികള്‍ക്കായി മുഹിബ്ബീങ്ങള്‍ കാത്തിരിപ്പാണ്.
✍?മുഹമ്മദ് ഹനീഫ് പള്ളപ്പാടി
What's Your Reaction?
Like
10
Dislike
0
Love
2
Funny
0
Angry
0
Sad
0
Wow
0


