ആരിക്കാടി ടോള്‍ ഗേറ്റ് നിര്‍മാണം പുരോഗമിക്കുന്നു; 8ന് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും
കുമ്പള: പ്രതിഷേധം ശക്തമാകുന്നതിനിടെ ആരിക്കാടി ടോള്‍ ഗേറ്റ് നിര്‍മാണം തകൃതിയായി പുരോഗമിക്കുന്നു. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ നിര്‍മാണം പ്രവൃത്തി പുനരാരംഭിച്ച പശ്ചാത്തലത്തില്‍ സ്ഥലത്തേക്ക് തിങ്കളാഴ്ച ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാന്‍ കര്‍മസമിതി തീരുമാനിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കാസര്‍കോട് നഗരസഭ, മൊഗ്രാല്‍ പുത്തൂര്‍, ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള കര്‍മ സമിതി നല്‍കിയ അപ്പീല്‍ ഈ മാസം 9ന് ഹൈക്കോടതി പരിഗണിക്കും. അപ്പീല്‍ പരിഗണിക്കാനുള്ള കാലയളവ് മുതലെടുത്ത് നിര്‍മാണ കമ്പനി ടോള്‍ ഗേറ്റ് നിര്‍മാണം ത്വരപ്പെടുത്തുകയായിരുന്നു. ടോള്‍ ഗേറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതിയും നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



