എന്‍ എം ഉസ്താദ്; ഗ്രന്ധങ്ങളെ പ്രണയിച്ച മാതൃകാ പണ്ഡിതന്‍

Aug 31, 2025 - 16:54
എന്‍ എം ഉസ്താദ്; ഗ്രന്ധങ്ങളെ പ്രണയിച്ച മാതൃകാ പണ്ഡിതന്‍

ജീവിത വിശുദ്ധിയും സല്‍സ്വഭാവവും കൈമുതലാക്കി എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള വിജ്ഞാനം നേടി അഞ്ച് പതിറ്റാണ്ട് കര്‍മ വിപ്ലവം തീര്‍ത്ത പണ്ഡിതനായിരുന്നു എന്‍ എം ഉസ്താദ് എന്നറിയപ്പെടുന്ന ശൈഖുനാ എന്‍ എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക. ഇലാഹീ തൃപ്തിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും പഠിച്ചത് പ്രവര്‍ത്തി പദത്തില്‍ പകര്‍ത്തി ജീവിച്ച മാതൃക കാണിക്കുകയും ചെയ്തവരാണ് ഉസ്താദ്. ഗ്രന്ഥങ്ങളെ പ്രണയിക്കുകയും ഗ്രന്ഥ പാരായണം തപസ്സാക്കുകയും തന്റെ പാണ്ഡ്യത്യ പെരുമക്ക് പണ്ഡിത ലോകം അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
കര്‍മശാസ്ത്രം , തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിജ്ഞാനത്തിന്റെ നിഖില മേഖലയിലും ശോഭിച്ച , ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഗോള ശാസ്ത്രത്തില്‍ പ്രത്യേകമായ കഴിവും ഗവേഷണവും നടത്തിയിരുന്നു. പഞ്ചതാലൂക്ക് നിസ്‌കാര സമയം എന്ന പേരില്‍ നിസ്‌കാര സമയ പട്ടിക തയ്യാറാക്കിയ എന്‍ എം ഉസ്താദിനെ ഗോള ശാസ്ത്ര വിഷയത്തില്‍ ചര്‍ച്ച ചെയ്യാനും ആ വിഷയത്തിലുള്ള ഗ്രന്ഥങ്ങള്‍ പഠിക്കാനും വേണ്ടി നിരവധി പണ്ഡിതര്‍ ആശ്രയിക്കാറുണ്ടായിരുന്നു. ഫിലോസഫി, ഗണിതശാസ്ത്രം, തര്‍ക്ക ശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പഠിക്കാനായി പല പണ്ഡിതന്മാരും എല്ലാ ദിവസങ്ങളിലും ചിലര്‍ ആഴ്ചയിലൊരിക്കലുമായി വരുന്ന പതിവുണ്ടായിരുന്നു. ഗ്രന്ഥങ്ങള്‍ അച്ചടി ഉണ്ടെന്നറിഞ്ഞാല്‍ അതിന്റെ വില നോക്കാതെ അവശേഖരിക്കുകയും അച്ചടി ഇല്ലെങ്കില്‍ ആ ഗ്രന്ഥം ഉള്ളവരില്‍ നിന്ന് സമ്മതത്തോടെ വാങ്ങി ഫോട്ടോ കോപ്പിയെടുത്ത് ചട്ടയിട്ട് മുഴുവനും ഗ്രഹിച്ചു മനസ്സിരുത്തി വായിക്കുന്ന സ്വഭാവമായിരുന്നു. ജീവിതാവശ്യങ്ങള്‍ക്കും ഇബാദത്തിനും ആവശ്യമുള്ള സമയങ്ങള്‍ ചെലവാക്കി ബാക്കി മുഴുസമയവും ഗ്രന്ഥ പാരായണത്തിലും അധ്യാപനത്തിലും കഴിഞ്ഞു കൂടിയിരുന്ന ഉസ്താദ് ഏതെങ്കിലും ഒരു കാര്യം സംശയം വന്നാല്‍ അത് അന്വേഷിച്ചു കണ്ടെത്തിയ ശേഷമല്ലാതെ വിശ്രമമുണ്ടാകുകയില്ല.
എല്ലാവരോടും നിഷ്‌കളങ്കമായി സംസാരിക്കുകയും പെരുമാറുകയും ഇസ്ലാമിക വിഷയങ്ങളിലും ഭൗതിക വിഷയങ്ങളിലും കൂടെയുള്ളവരോട് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന എളിയ സ്വഭാവത്തിനുടമയായിരുന്നു. വിജ്ഞാന ദാഹിയായ അദ്ദേഹം പല പ്രമുഖ പണ്ഡിതരുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു.
നല്ല സ്വാഭാവവും കൂര്‍മബുദ്ധിയുമുള്ള മകന്‍ അബ്ദുസ്വമദ് മരണപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ തീരുമാനത്തില്‍ തൃപ്തിപ്പെട്ടു വിഷമങ്ങളൊന്നുമില്ലാതെ ജോലിയില്‍ ലീവെടുക്കാതെ പഠന, അദ്ധ്യാപന വഴിയില്‍ പ്രവേശിച്ചു എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.
ഹിജ്‌റ 1362 ജമാദുല്‍ അവ്വല്‍ 6 തിങ്കളാഴ്ച മുഹമ്മദ്ആസിയ ദമ്പതികളുടെ മകനായി ചെമ്പരിക്കയില്‍ ജനിച്ച ഉസ്താദ് ബാലപാഠങ്ങള്‍ വീട്ടില്‍ നിന്നും സ്വദേശത്തു നിന്നും പഠിച്ച ശേഷം വീടിനു കുറച്ചു ദൂരമുള്ള ഒറവങ്കര ജുമുഅത്തു പള്ളിയില്‍ ദര്‍സ് പഠനത്തിനു പോയി. തുടര്‍ന്ന് മൊഗ്രാല്‍ പുത്തൂര്‍ ദിഡുപ്പ ദര്‍സിലും ശേഷം ഉള്ളാള്‍ താജുല്‍ ഉലമയുടെ ദര്‍സിലും പഠിച്ചു. ഉപരിപഠനത്തിനായി വേലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് പോവുകയും ഒന്നാം റാങ്കോടെ 1968 ല്‍ ബാഖവിയായി ദര്‍സ് ജീവിതത്തിലേക്ക് തിരിച്ചു. തുടര്‍ന്നുള്ള ജീവിതം മുഴുവനും ദര്‍സീ രംഗത്ത് തുടര്‍ന്ന ഉസ്താദ് 50 വര്‍ഷം ദര്‍സ് അധ്യാപന രംഗത്ത് ശോഭിച്ച് നിന്നു. ആദ്യമായി ദര്‍സ് ഏറ്റെടുക്കുന്നത് പ്രിയ ഗുരുവും വഴി കാട്ടിയുമായ താജുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം ദേലമ്പാടിയിലാണ് . തുടര്‍ന്ന് മാവിലാടം, മംഗലാപുരത്തിനടുത്തുള്ള കിന്യ ,ബെണ്ടിച്ചാല്‍, മുക്കൂട്, ആറങ്ങാടി, പടന്നക്കാട് ചിത്താരി, ഇച്ചിലങ്കോട്, നായന്മാര്‍മൂല, ഒളയം,മംഗലാപുരം അസ്ഹരിയ്യ, മുഹിമ്മാത്ത്, മാവിലാടം പന്ത്രണ്ടില്‍, പൊമ്പോട്ട്, പൂച്ചക്കാട്, മഞ്ഞനാടി തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം നടത്തി.
അവസാനം ദര്‍സ് നടത്തിയ മഞ്ഞനാടി ജുമുഅത്ത് പള്ളിയില്‍ ദര്‍സ് സേവനത്തിനിടയില്‍ രോഗം പിടിപെടുകയും ആശുപത്രി ചികിത്സയും വിശ്രമം ആവശ്യമായി വരികയും ചെയ്തു. അറിവിനോടുള്ള താല്പര്യം കാരണം ആശുപത്രികമരണപ്പെടുന്നതിന് ളിലേക്കും ഗ്രന്ഥങ്ങള്‍ കൊണ്ടു പോയി പാരായണം ചെയ്തിരുന്നു. മരണപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് ബ്രഹത്തായ മൂന്ന് ഗ്രന്ഥങ്ങള്‍ പുതുതായി വാങ്ങി അത് പാരായണം ചെയ്തു കൊണ്ടിരിക്കെ രാത്രി സമയം തന്റെ രോഗകാരണമായി ഉണ്ടാകുന്ന ക്ഷീണം കൂടുകയും രോഗം മൂര്‍ച്ചിക്കുകയും 1436 റബീഉല്‍ അവ്വല്‍ 6 , 2014 ഡിസംബര്‍ 28 ന് അര്‍ദ്ധരാത്രിക്ക് ശേഷം ഈ ലോകത്ത് നിന്ന് വിട പറയുകയും ചെയ്തു. നൂറുല്‍ ഉലമാ ഉസ്താദ് നേതൃത്വം നല്‍കിയ മയ്യിത്ത് നിസ്‌കാരത്തിന് ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ശേഷം ചെമ്പരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ പിതാവിന്റെയും അബ്ദുസ്സമദ് എന്ന മകന്റെയും അടുത്തായി ഖബറടക്കുകയും ചെയ്തു.

✍️ എം ജമാലുദ്ദീന്‍ സഖാഫി പെര്‍വാഡ്
(ജനറല്‍സെക്രട്ടറി, മജ്‌ലിസുദ്ദഅവത്തില്‍ ഇസ്ലാമിയ്യ ശിഷ്യ സംഘടന)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0