അറബി ഭാഷ ഒഴിവാക്കിയുള്ള സിലബസ്; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ അറബിയും പ്രാദേശിക ഭാഷയായ മഹലും സ്‌കൂള്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് തീര്‍പ്പ് കല്‍പിച്ചല്ല എന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. അതിനാല്‍ ലക്ഷദ്വീപ് സ്‌കൂളുകളില്‍ അറബി, മഹല്‍ ഭാഷകള്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു. ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠി മെയ് 14ന് ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.
അറബിയും മഹലും സിലബസില്‍ നിന്ന് പുറന്തള്ളി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. 70 വര്‍ഷത്തോേളമായി നിലനില്‍ക്കുന്ന സംവിധാനമാണ് ഇല്ലാതാക്കുന്നതെന്നും ഇതില്‍ പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
What's Your Reaction?






