ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍ പാലം; പ്രധാന മന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി നിര്‍മ്മാണത്തിലിരുന്ന 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഊധംപൂര്‍-ശ്രീനഗര്‍-ബാരമുള്ള റെയില്‍വേ ലിങ്കിന്റെ ഭാഗമായ ചെനാബ് റെയില്‍ പാലമാണ് പ്രധാനമന്ത്രി ഇന്ന് തുറന്നുകൊടുത്തത്. ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ സ്റ്റേഡ് റെയില്‍ പാലമായ അഞ്ജി ഖാഡ് പാലവും ഇതിന്റെ ഭാഗമാണ്. ഹിമാലയന്‍ മേഖലയിലെ തീവ്രമായ ഭൂമിശാസ്ത്രവും അസ്ഥിരമായ സാഹചര്യങ്ങളും കാരണം പൂര്‍ത്തീകരിക്കാന്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട എഞ്ചിനീയറിംഗ് വിസ്മയങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി ബാരമുള്ളയ്ക്കും കത്രയ്ക്കും ഇടയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. റിയാസി ജില്ലയിലെ കൗരി, ബക്കല്‍ എന്നീ വിദൂര ഗ്രാമങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ചെനാബ് പാളം ചെനാബ് നദിക്ക് 359 മീറ്റര്‍ മുകളിലായി, ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തില്‍, 1,315 മീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്നു. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനെയും ഭൂകമ്പ പ്രവര്‍ത്തനങ്ങളെയും അതിജീവിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ പാലത്തിന് 120 വര്‍ഷത്തെ ആയുസ്സും 1,486 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു.
What's Your Reaction?






