മഞ്ചേശ്വരം ബി ആർ സി യിൽ കന്നഡ മീഡിയം അധ്യാപകനെ ബി പി സി യായി നിയമിക്കണം: കന്നഡ അധ്യാപക സംഘടന രംഗത്ത്

Oct 6, 2026 - 10:22
Oct 6, 2026 - 10:24
മഞ്ചേശ്വരം ബി ആർ സി യിൽ കന്നഡ മീഡിയം അധ്യാപകനെ ബി പി സി യായി നിയമിക്കണം: കന്നഡ അധ്യാപക സംഘടന രംഗത്ത്

ഉപ്പള: എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ബി.ആർ.സി.കളിൽ ബി.പി.സി.മാരെ നിയമിക്കുമ്പോൾ ഭാഷാ ന്യൂനപക്ഷ മേഖലയായ മഞ്ചേശ്വരം ഉപജില്ലയിലെ ബി.ആർ.സി.യിൽ കന്നഡ മീഡിയം അധ്യാപകരെ പരിഗണിക്കാത്തതിൽ കേരള സ്റ്റേറ്റ് കന്നഡ മീഡിയം ടീച്ചേഴ്സ് ഓർഗനൈസേഷൻ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മഞ്ചേശ്വരം ഉപജില്ലയിലെ 90 ശതമാനത്തോളം സ്കൂളുകളും ഭാഷാ ന്യൂനപക്ഷ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും കന്നഡ ഭാഷയിൽ പഠിക്കുന്നവരുമാണ്. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ബി.ആർ.സി. മുഖേനയാണ് ഏകോപിപ്പിക്കുന്നത്. അധ്യാപക പരിശീലനം, എസ്.ആർ.ജി. പ്രവർത്തനങ്ങൾ, ഡാറ്റാ ശേഖരണം, പരിശീലന പരിപാടികൾ തുടങ്ങിയവയുടെ ഏകോപനത്തിൽ ബി.പി.സി.മാർക്ക് പ്രധാന ഉത്തരവാദിത്വമാണുള്ളത്. കന്നഡ ഭാഷയിൽ പ്രാവീണ്യമുള്ള അധ്യാപകനെ ബി.പി.സി.യായി നിയമിക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് അനിവാര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

കന്നഡ ഭാഷാ പരിജ്ഞാനമില്ലാത്ത ബി.പി.സി.മാർക്ക് ഭാഷാ ന്യൂനപക്ഷ മേഖലയിലെ അധ്യാപകരുമായും വിദ്യാർത്ഥികളുമായും ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. ഭാഷാ ന്യൂനപക്ഷ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട ഭാഷയിൽ പ്രാവീണ്യമുള്ളവരെ നിയമിക്കണമെന്ന നിലപാട് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവുകളും കോടതി വിധികളും നിലവിലുണ്ട്. ഇവയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ രീതിയിലാണ് നിലവിലെ ബി.പി.സി. നിയമനം. മഞ്ചേശ്വരം ബി.ആർ.സി.യിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സുഗമമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി കന്നഡ മീഡിയം അധ്യാപകനെ തന്നെ ബി.പി.സി.യായി നിയമിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, മഞ്ചേശ്വരം എം.എൽ.എ., എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടർ എന്നിവർക്ക് സംഘടന നിവേദനം നൽകിയിട്ടുണ്ട്. ആവശ്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും സംഘടനാ പ്രസിഡന്റ് അശോക് കൊട്ലമൊഗറും സെക്രട്ടറി സുനിൽകുമാറും പ്രസ്താവനയിൽ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0