ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം

Oct 2, 2026 - 12:10
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യതയും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളാണ് പ്രതിഷേധങ്ങളുടെ പ്രധാന പശ്ചാത്തലം.

ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ 8 വരെ രാജ്യവ്യാപകമായി ‘സേവ് ഡെമോക്രസി’ മാർച്ചുകളും പ്രതിഷേധങ്ങളും നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസുകൾക്ക് മുന്നിലുമാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ ന്യൂഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടർപട്ടികയിലെ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ എന്നിവ മണ്ഡലം-ബൂത്ത് തലത്തിൽ പ്രസിദ്ധീകരിക്കുക, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിന് മുമ്പ് കാരണം വ്യക്തമാക്കുകയും മുൻകൂർ അറിയിപ്പ് നൽകുകയും ചെയ്യുക, അപ്പീൽ സംവിധാനത്തിന് കൂടുതൽ ഫലപ്രാപ്തി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യ മുന്നണി ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്ക്രോച്ച് ജനത പാർട്ടി മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ന് ‘ജയിൽ ഭരോ ആന്ദോളൻ’ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് നാലിനാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ പൊലീസ് അനുമതി നൽകിയിട്ടില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് സംഘാടകരുടെ നിലപാട്. 

ഡൽഹിയിലും ഇന്ന് ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. AAP, AISA, NSUI, ഇന്ത്യൻ യൂത്ത് കോൺഗ്രസ് എന്നിവയുമായി ബന്ധപ്പെട്ട നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈയിലും ഡൽഹിയിലും സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0