ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നതായി പരാതി; കാസർകോട് 21 സ്ഥാപനങ്ങൾക്ക് നോട്ടീസ്
കാസർകോട്: ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് കാസർകോട്, കാഞ്ഞങ്ങാട് ടൗൺ മേഖലകളിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ 188 ലിറ്റർ ഉപയോഗിച്ച പാചക എണ്ണ കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ വീണ്ടും ഉപയോഗിക്കാതിരിക്കാൻ എണ്ണ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് നീക്കം ചെയ്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയ 21 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഗുണനിലവാരവും ഉപയോഗിച്ച എണ്ണയുടെ കൈകാര്യം ചെയ്യലും അധികൃതർ പരിശോധിച്ചു.
സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഓപ്പറേഷൻ തെളിമയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്. ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത് തടയുന്നതിനൊപ്പം അത് സുരക്ഷിതമായി നിർമാർജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് പരിശോധനയുടെ ലക്ഷ്യം. കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലയിൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0