മക്കയ്ക്കു സമീപമുണ്ടായ ഡ്രോൺ ആക്രമണം അത്യന്തം അപലനീയം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: സൗദി അറേബ്യയിലെ മക്കയ്ക്കു സമീപമുണ്ടായതായി റിപോർട്ട് ചെയ്യപ്പെട്ട ഡ്രോൺ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവും അപലപനവും അറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മക്കയുടെ സുരക്ഷയെയും വിശുദ്ധ ഹറമുകളുടെ പവിത്രതയെയും ബാധിക്കുന്ന ഏതൊരു നീക്കവും അതീവ ആശങ്കാജനകമാണെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഹൃദയങ്ങളിൽ അതീവ പ്രാധാന്യമുള്ള നിർഭയ അഭയകേന്ദ്രമാണ് മക്ക. അതിനാൽ ഹറമുകളുടെയും പ്രദേശവാസികളുടെയും തീർത്ഥാടകരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു കടന്നുകയറ്റവും അംഗീകരിക്കാനാവില്ല. എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന നടപടികളിൽ നിന്ന് പിന്മാറുകയും വേണം. വിവേകത്തിന്റെ ഭാഷയ്ക്കും സമാധാനപരമായ സംഭാഷണങ്ങൾക്കുമായിരിക്കണം എല്ലാവരും മുൻഗണന നൽകേണ്ടത്. സൗദി അറേബ്യയോടും അവിടുത്തെ ഭരണ നേതൃത്വത്തോടും ജനങ്ങളോടും പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി കാന്തപുരം അറിയിച്ചു. നിരപരാധികളായ സിവിലിയന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഹറമുകളെയും തീർത്ഥാടകരെയും എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹു സംരക്ഷിക്കട്ടെയെന്ന് പ്രാർത്ഥിച്ചാണ് സന്ദേശം അവസാനിപ്പിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0