മധ്യകേരളം പ്രളയഭീതിയിൽ; നദികൾ കരകവിഞ്ഞു, വ്യാപക നാശനഷ്ടം

Aug 1, 2026 - 10:26
Aug 1, 2026 - 10:29
മധ്യകേരളം പ്രളയഭീതിയിൽ; നദികൾ കരകവിഞ്ഞു, വ്യാപക നാശനഷ്ടം

കൊച്ചി: മധ്യകേരളത്തിൽ കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് തെക്കുപടിഞ്ഞാറൻ മൺസൂൺ അതിശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയെത്തുടർന്ന് മധ്യകേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിലെ അടിമാലിക്ക് സമീപം അടിമലയിലും വാഗമണ്ണിലും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഉരുൾപൊട്ടലിൽ പെട്ട് രണ്ട് പേർ മരണപ്പെടുകയും ചിലരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇടുക്കി തൊടുപുഴ മേഖലയിലും പത്തനംതിട്ട കോന്നി അരുവാപുലം ഭാഗങ്ങളിലും മലവെള്ളപ്പാച്ചിലും മണ്ണൊലിപ്പും രൂക്ഷമാണ്.  

തുടർച്ചയായ മഴയെത്തുടർന്ന് പമ്പ, കക്കാട്, അച്ചൻകോവിലാർ, മീനച്ചിലാറ് എന്നിവടങ്ങളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കൂട്ടിക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുൾപ്പെടെ മധ്യകേരളത്തിലെ പ്രധാന മലയോര പാതകളിൽ പലയിടത്തും മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മഴ കനത്ത സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0