കുമ്പഡാജെ മണ്ണാപ്പ് നിവാസികൾക്ക് ആശ്വാസം; തടയണ- പാലം പണികൾ പൂർത്തിയായി

Jun 18, 2026 - 12:08
Jun 18, 2026 - 12:09
കുമ്പഡാജെ മണ്ണാപ്പ് നിവാസികൾക്ക് ആശ്വാസം; തടയണ- പാലം പണികൾ പൂർത്തിയായി

കുമ്പഡാജെ: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ചെറുകിട ജലസേചന വിഭാഗം നടപ്പിലാക്കിയ കുമ്പഡാജെ മണ്ണാപ്പിൽ തടയണയുടെയും പാലത്തിന്റെയും പണികൾ പൂർത്തിയായി. വിസിബിയുടെ (വെന്റഡ് ക്രോസ് ബാർ കം ബ്രിജ്) പണികളാണു പൂർത്തിയായത്. കൃഷിയിടങ്ങളിലേക്കു വെള്ളം നിയന്ത്രിച്ചു വിടുന്നതിനുള്ള തടയണയും ഇരുവശത്തുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചെറുപാലവുമുള്ളതാണിത്. തടയണ പൂർത്തിയായതോടെ പ്രദേശത്തെ നൂറ് ഏക്കറോളം വരുന്ന തെങ്ങ്,അടക്ക കർഷകർക്ക് ഇത് വലിയ തോതിൽ ഗുണകരമാവും. 

40 വർഷങ്ങൾക്ക് മുൻപ് നിർമിച്ച വിസിബി തകർന്നതോടെ പ്രദേശവാസികൾക്ക് ഇരുവശത്തേക്കും സഞ്ചരിക്കാനോ കാർഷിക വിളകൾക്ക് ജലസേചനം നടത്താനോ കഴിയാത്ത സ്ഥിതിയായിരുന്നു. മണ്ണാപ്പ് എസ് സി, മച്ചാവ് എസ്ടി കോളനികളുൾപ്പടെയുള്ളവർ വിസിബി തകർന്നതോടെ പ്രയാസത്തിലായിരുന്നു. സമീപത്തെ ജലസ്രോതസ്സുകളിൽ ജലവിതാനം ഉയരുന്നതിനും ജലസ്രോതസ്സുകളിൽ ജലം റീചാർജാവുന്നതിനും സഹായകമായിരുന്ന തടയണ തകർന്നതോടെ കർഷകരും ദുരിതത്തിലായിരുന്നു. 

തടയണ- പാലം പണികൾ പൂർത്തിയായതോടെ കുംബഡാജെ മണ്ണാപ്പ് കുദിങ്കിലയിലുള്ളവർക്ക് പാത്തേരിയിൽ എളുപ്പത്തിലെത്താം. ഇവിടെ നിന്നും സി എച്ച് നഗർ വഴി കുംബഡാജെയിലേക്കും പോകാനാവും. വിസിബി നിർമിക്കണമെന്നാവശ്യപ്പെട്ട് മുൻ കുംബഡാജെ പഞ്ചായത്ത് അംഗം ടി എം അബ്ദുൽ റസാക്ക് 'കരുതലും കൈത്താങ്ങും' അദാലത്തിൽ മുൻമന്ത്രി പി എ മുഹമ്മദ് റിയാസിനു നിവേദനം നൽകിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0