ഏഴു ദിവസത്തിനകം വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് സിജെപി

Jun 7, 2026 - 12:37
ഏഴു ദിവസത്തിനകം വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെൻ്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധം ശ്രദ്ധേയമായി. പരീക്ഷകളിലും റിക്രൂട്ട്മെൻ്റുകളിലും നടക്കുന്ന ക്രമക്കേടുകൾക്കെതിരെയായിരുന്നു പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജിത് ദീപകെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ആയിരക്കണക്കിന് കോളേജ്-സ്കൂൾ വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും പങ്കെടുത്തു. പ്രതിഷേധക്കാർ കോക്രോച്ച് മാസ്കുകൾ ധരിച്ചാണ് വേദിയിലെത്തിയത്. ബി ആർ അംബേദ്കറുടെ ആത്മകഥയുടെ പകർപ്പുമായി അമേരിക്കയിൽ നിന്ന് നേരിട്ടെത്തിയാണ് ദീപകെ സമരത്തിന് ആഹ്വാനം ചെയ്തത്. നീറ്റ് , സിബിഎസ്ഇ, സിയുഇടി, എസ്എസ്എൽസി പരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയോ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയും ബിജെപി "ഹിന്ദു-മുസ്ലീം" രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മന്ത്രി ഏഴു ദിവസത്തിനകം രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് സിജെപി വക്താവ് അശുതോഷ് രാങ്ക പത്രസമ്മേളനത്തിൽ അറിയിച്ചു. സമാധാനപരമായ യുവജന പ്രതിഷേധത്തെ കാലാവസ്ഥാ പ്രവർത്തകനായ സോനം വാങ്ചുക്ക് അഭിനന്ദിച്ചു. ദീപകെയെ 'കോക്രോച്ച്-ഇൻ-ചീഫ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരം സർഗ്ഗാത്മകമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്തു. പ്രതിഷേധത്തെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലും അതിർത്തികളിലും ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ച് സുരക്ഷ കർശനമാക്കിയിരുന്നു. പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായെത്തിയ സിപിഐ നേതാവ് ആനി രാജയ്ക്കും സഹപ്രവർത്തകർക്കും നേരെ കൈയേറ്റ ശ്രമം നടന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0