മെസ്സിയും ടീം അര്‍ജന്റീനയും കേരളത്തിലേക്കില്ല

May 16, 2025 - 17:19
മെസ്സിയും ടീം അര്‍ജന്റീനയും കേരളത്തിലേക്കില്ല

കൊച്ചി: ഫുട്ബാള്‍ ഇതിഹാസ താരം ലയണല്‍ മെസിയും അര്‍ജന്റീന ദേശീയ ടീമും ഈ വര്‍ഷം കേരളത്തിലേക്കില്ലെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം സ്പോണ്‍സര്‍മാര്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതാണ് കാരണം. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയ സാഹചര്യത്തിലാണ് അറിയിപ്പ്. ഒക്ടോബറില്‍ മെസ്സി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞിരുന്നത്.

ഒക്ടോബറില്‍ അര്‍ജന്റീന ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഇതില്‍ ഒരു മത്സരത്തില്‍ ചൈനയാണ് എതിരാളികള്‍. നവംബറില്‍ ആഫ്രിക്കയിലും ഖത്വറിലുമാണ് അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍. ആഫ്രിക്കയില്‍ അംഗോളയെയും ഖത്വറില്‍ അമേരിക്കയെയുമാണ് നേരിടുക. ഈ വര്‍ഷം സെപ്തംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടര്‍ന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്.

2011ലാണ് ഇതിനു മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0