ഇസ്രയേല്‍ പ്രതിരോധ സേന തകര്‍ച്ചയുടെ വക്കിലെന്ന് സൈനിക മേധാവി
ടെൽ അവീവ്: ഇസ്രായേൽ പ്രതിരോധ സേന തകർച്ചയുടെ വക്കിലാണെന്നും ഇസ്രായേൽ സൈനികരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെന്നും ത്വരിത നടപടി വേണമെന്നും ആവശ്യപ്പെട്ട് സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ നെതന്യാഹു സർക്കാരിന് മുന്നറിയിപ്പ് നൽകി. ഈ ആഴ്ചയിലാദ്യം നടന്ന സുരക്ഷാ കാബിനറ്റ് യോഗത്തിൽ സൈനികരുടെ പ്രവർത്തന സമ്മർദ്ദത്തെക്കുറിച്ച് സമീർ മുന്നറിയിപ്പ് നൽകിയതായി ദ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്‌തു. മന്ത്രിമാർക്ക് മുൻപിൽ 'പത്ത് ചുവന്ന പതാകകൾ' വയ്ക്കുകയാണെന്ന് പറഞ്ഞായിരുന്നു സമീർ സ്ഥിതിഗതികളുടെ ഗൗരവം ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതെന്ന് ചാനൽ 13 റിപ്പോർട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങൾ തരണം ചെയ്യാൻ നിയമപരമായ പരിഷ്ക്കാരങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. നിർബന്ധിത സൈനിക സേവന നിയമം, റിസർവ് ഡ്യൂട്ടി നിയമം, നിർബന്ധിത സേവന കാലാവധി നീട്ടുന്നതിനുള്ള നിയമം എന്നിവ അടിയന്തരമായി ആവശ്യമാണെന്ന് സമീർ ആവശ്യപ്പെട്ടു. ഈ സാഹചര്യം തുടർന്നാൽ സൈന്യത്തിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്നും ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ സാധിക്കാതെ വരുമെന്നും സമീർ പറയുന്നു. സൈനികമേധാവിയുടെ മുന്നറിയിപ്പ് കേട്ട് പ്രതിപക്ഷം കടുത്ത വിമർശനമുയർത്തി. രാജ്യത്തിന്റെ സുരക്ഷയല്ല ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1