പണമടച്ച് ഓർഡർ ചെയ്‌ത വീൽചെയറിൽ അപാകത; ആമസോൺ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി

Feb 25, 2026 - 17:22
പണമടച്ച് ഓർഡർ ചെയ്‌ത വീൽചെയറിൽ അപാകത; ആമസോൺ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി

കാസറഗോഡ്: പണമടച്ച് ഓർഡർ ചെയ്‌ത വീൽചെയറിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് ആമസോൺ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് സാദിഖ് എ നൽകിയ പരാതിയിലാണ് കോടതി നടപടി. കാസറഗോഡ് ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. പരാതിക്കാരൻ കഴിഞ്ഞ ഓഗസ്റ്റിലാണ് 17,638 രൂപ നൽകി ഒരു വീൽചെയർ ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ച വീൽചെയറിൽ രണ്ട് ചക്രങ്ങൾ ഇല്ലാതിരിക്കുകയും അത് പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലുമായിരുന്നു. ആമസോണിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കാസർഗോഡ് ടൗണിൽ നിന്നും മറ്റൊരു വീൽചെയർ വാങ്ങാൻ അദ്ദേഹം നിർബന്ധിതനായി. ഉൽപ്പന്നം ഉപയോഗയോഗ്യമായ നിലയിൽ നൽകുന്നതിൽ പരാജയപ്പെട്ടത് സേവനത്തിലെ പോരായ്മയായി കോടതി കണക്കാക്കുകയായിരുന്നു. ഇ-കൊമേഴ്സ് ഇടപാടുകളിൽ വിൽപനക്കാരനും പ്ലാറ്റ്‌ഫോമിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആമസോൺ ഹാജരാക്കിയ ആർബിഐ സർക്കുലറുകളോ നിബന്ധനകളോ ഉപഭോക്താവിന്റെ നിയമപരമായ അവകാശങ്ങളെ തടയാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. മുൻകൂട്ടി അടച്ച വീൽചെയറിന്റെ വില 17,638 രൂപയും പണമടച്ച തീയതി മുതൽ 9% പിഴയും നഷ്ടപരിഹാരമായി10,000 രൂപയും കോടതി ചെലവായി 5000 രൂപയും ആമസോൺ 30 ദിവസത്തിനുള്ളിൽ പരാതിക്കാരന് നൽകണമെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വ. അബ്ദുന്നാസിർ സഖാഫി ദേലംപാടി, അഡ്വ. കൃപേഷ് കാടകം എന്നിവർ ഹാജരായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0