കാസർഗോഡ് ജില്ലയെ സംസ്ഥാനത്തെ സോളാർ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Feb 9, 2026 - 14:11
കാസർഗോഡ് ജില്ലയെ സംസ്ഥാനത്തെ സോളാർ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയെ സംസ്ഥാനത്തെ സോളാർ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചീമേനി, പെർദാല എസ്റ്റേറ്റുകളിലെ സോളാർ വൈദ്യുത നിലയങ്ങളുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിൽ നിലവിൽ പൈവളിഗെയിലും അമ്പലത്തറയിലും കരിന്തളത്തും സോളാർ പാർക്കുകളുണ്ട്. ചീമേനിയിലും പെർഡാലയും കൂടി സൗരോർജ വൈദ്യുത നിലയം വരുന്നതോടെ കാസർകോട് കേരളത്തിന്റെ സോളാർ ഹബ്ബായി മാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്ലാന്റേഷൻ കോർപ്പറേഷൻ കാസർക്കോട് ജില്ലയിലെ ചീമേനി എസ്റ്റേറ്റിലും പെർദാല എസ്റ്റേറ്റിലുമായി ലഭ്യമായ 300 ഏക്കറിൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടത്തുന്നതിനും തയ്യാറുള്ള കമ്പനികളിൽ നിന്ന് താൽപര്യ പത്രം ക്ഷണിക്കുകയും ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നേച്ചർ ഡ്യൂ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇതിൽ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ അധീനതയിലുള്ള ഈ എസ്റ്റേറ്റുകളിൽ ബാറ്ററി സ്റ്റോറേജോടുകൂടിയ 110 മെഗാവാട്ട് സോളാർ നിലയം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ചീമേനി എസ്റ്റേറ്റിൽ 80 മെഗാവാട്ട് നിലയവും പെർഡാല എസ്റ്റേറ്റിൽ 30 മെഗാവാട്ട് നിലയവുമാണ് വിഭാവനം ചെയ്യുന്നത്. ബാറ്ററി സ്റ്റോറേജ് കൂടി ഉൾപ്പെടുത്തി പീക്ക് സമയങ്ങളിൽ നാലുമുതൽ എട്ടുമണിക്കൂർ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വടക്കൻ മലബാറിന്റെ വികസന കുതിപ്പിന് ഊർജ്ജമേകുന്നതാവും പദ്ധതി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0