ടോൾ ഗേറ്റിനെതിരെ പ്രതിഷേധം ശക്തം; ആക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹർജി ഹൈക്കോടതി 21ന് പരിഗണിക്കും 

Jan 17, 2026 - 17:49
ടോൾ ഗേറ്റിനെതിരെ പ്രതിഷേധം ശക്തം; ആക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹർജി ഹൈക്കോടതി 21ന് പരിഗണിക്കും 

കാസർകോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള ആരിക്കാടിയിൽ നിർമ്മിച്ച ടോൾ ഗേറ്റ് അന്യായമായണെന്ന് കാണിച്ച് ആക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ഹർജി 21ന് പരിഗണിക്കും. ഹൈക്കോടതി വിധി പ്രതികൂലമായാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. 21ന് വരുന്ന കോടതി വിധിക്കനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ എ കെ എം അഷ്റഫ് എം എൽ എ പറഞ്ഞു. 

കഴിഞ്ഞ ദിവസം ടോൾ ബൂത്തിന് മുന്നിൽ പ്രതിഷേധിച്ച സംഘടനകൾ ക്യാമറകളും കൗണ്ടറും അടിച്ചുതകർത്തിരുന്നു. ഇന്നലെ പ്രതിഷേധ സമരങ്ങളൊന്നും ഉണ്ടായില്ല. ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ് ടോൾ പിരിവ്. കുമ്പള കണിപുരം ക്ഷേത്രോത്സവത്തിനെത്തുന്ന വിശ്വാസികളുടെ സുഗമമായ യാത്രയെ ബാധിക്കുമെന്നതിനാൽ കുമ്പള വിട്ട് ദേശീയപാത ഓഫീസിലേക്കോ കളക്ടറേറ്റിലേക്കോ ആയിരിക്കും തുടർ സമരം സംഘടിപ്പിക്കുക. മറ്റന്നാൾ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ടോൾഗേറ്റ് വിഷയം അവതരിപ്പിക്കുന്നതിന് ശ്രദ്ധക്ഷണിപ്പിക്കൽ പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ പറഞ്ഞു. ഒരു എം എൽ എക്ക് വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരത്തെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വിനിയോഗിക്കുന്നത്. അരിക്കാടി ടോൾ പ്ലാസയിൽ ജൂൺ വരെ മാത്രമാണ് ചുങ്കം പിരിക്കുകയെന്നും അതിനു മുമ്പേ ചാലിക്കാലിലേക്ക് ടോൾ പിരിവ് മാറ്റുമെന്നും ദേശീയപാത അധികൃതർ പറയുന്നു. പക്ഷേ, അനധികൃതമായി ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയെ കണ്ട് ജില്ലയിലെ എം എൽ എമാർ വിഷയം അവതരിപ്പിക്കുമെന്നും എം എൽ എ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0