'മനുഷ്യര്‍ക്കൊപ്പം' പ്രമേയം ചർച്ചയായി പ്രസ്‌ക്ലബ്ബ് സ്നേഹ വിരുന്ന് 

Dec 31, 2025 - 16:05
'മനുഷ്യര്‍ക്കൊപ്പം' പ്രമേയം ചർച്ചയായി പ്രസ്‌ക്ലബ്ബ് സ്നേഹ വിരുന്ന് 

കാസര്‍കോട്: മനുഷ്യരെയും പ്രകൃതിയെയും സമഗ്രമായി സ്പര്‍ശിക്കുന്നതാണ് കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയമെന്നും ഇതിന് കാലാതിവര്‍ത്തിയായ പ്രസ ക്തിയും പ്രാധാന്യവുമാണുള്ളതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല പറഞ്ഞു. സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ഭാഗമായി കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച സ്നേഹ വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെല്ലാം ഒന്നാണെന്ന അതിവിശാലമായ കാഴ്ചപ്പാടില്‍ ഊന്നിയാണ് കേരള മുസ്‌ലിം ജമാഅത്ത് അതിന്റെ യാത്രയുമായി മുന്നോട്ട് പോകുന്നത്. മലയാളിയായ നിമിഷപ്രിയ യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട വിവരം അറിഞ്ഞയുടനെ യമനിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തയ്യാറായത് എല്ലാവരും മനുഷ്യരാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് അലി അബ്ദുല്ല ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കാന്തപുരം ഇടപെട്ടതായുള്ള വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മനുഷ്യനായത് കൊണ്ട് എന്ന ഒറ്റ മറുപടിയാണ് നല്‍കിയത്. ഇതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും മറിച്ചൊരു ചോദ്യം മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുണ്ടായില്ലെന്നത് ശ്രദ്ധേയമാണെന്നും അലി അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. നിഷ്‌കളങ്കമായ സ്‌നേഹ ബഹുമാനങ്ങള്‍ കൊണ്ട് പാരമ്പര്യം ശക്തമാക്കേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യര്‍ക്കൊപ്പം നില്‍ക്കാന്‍ ആദ്യം മനുഷ്യത്വം ഉള്ളവരാകണം. പുഞ്ചിരിയും കൈത്താങ്ങും ഒരു കൈ സഹായിച്ചും നമുക്ക് പലരെയും ജീവിതത്തിന്റെ ശാദ്വല വഴിയിലൂടെ നടത്താന്‍ കഴിയും. വിദ്വേഷം, വെറുപ്പ്, വര്‍ഗീയത, വംശീയത, നിയമ ലംഘനങ്ങള്‍ തുടങ്ങിയവ സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന വര്‍ത്തമാന കാലത്ത് നേരായ പാതയിലൂടെ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അലി അബ്ദുല്ല പറഞ്ഞു. ചടങ്ങില്‍ പ്രസ്‌ ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് നാരായണന്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സംസ്ഥാന വൈസ് പ്രസിഡന്റ്  ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,   സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഹകീം ഹാജി കളനാട്, ജനറല്‍ കണ്‍വീനര്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഡോ. നാഷനല്‍ അബ്ദുല്ല, അഷ്‌റഫ് കരിപ്പൊടി സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0