67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് തുടക്കമാവും
തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഐഎം വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിയിക്കും. ഒളിംപിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 21 മുതൽ 28 വരെയാണ് നടക്കുന്നത്.
കേരളത്തിൻ്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ ഉദ്ഘാടന ചടങ്ങോടെ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. 12 വേദികളിലായായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കുമെന്നാണ് വിവരം. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളൻ്റിയർമാരും കായിക മേളയുടെ ഭാഗമാകുന്നു. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച തീം സോങാണ് ഇത്തവണത്തേത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് നൽകുന്നത്. സംസ്ഥാന സ്കൂൾ കായിക മേളയുടെ സമഗ്ര വിവരങ്ങൾ കൈറ്റ് പോർട്ടൽ വഴി അറിയാം. sports.kite.kerala.gov.in എന്ന പോർട്ടൽ വഴി 12 വേദികളിലായി നടക്കുന്ന കായികമേളയുടെ എല്ലാ വേദികളിലേയും തത്മസമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളും എല്ലാം ലഭിക്കും. ഓരോ കുട്ടിയുടേയും ഉപജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ പ്രകടനങ്ങളുടേയും വിവരങ്ങളും ട്രാക്ക് ചെയ്യാം. കൈറ്റ് വിക്ടേഴ്സ് ആപ് victers.kite.kerala.gov.in സൈറ്റിലും itsvicters യുട്യൂബ് ചാനലിലും ഇ വിദ്യ കേരളം ചാനലിലും മത്സരങ്ങൾ തത്സമയം കാണാം.
ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



