ചികിത്സക്കെത്തിയ രോഗിയുടെ ബ്ലഡ് പ്രഷർ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കും

Oct 15, 2025 - 13:06
ചികിത്സക്കെത്തിയ രോഗിയുടെ ബ്ലഡ് പ്രഷർ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കും

ബദിയടുക്ക: ചികിൽസക്കെത്തിയ രോഗിയുടെ ബി പി പരിശോധിക്കാൻ വിസമ്മതിച്ച വനിതാ ഡോക്ടർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ്റെ ഉത്തരവിട്ടു. ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിന്ന് കെ.വി ജോൺസൺ എന്നയാൾക്ക് ദുരനുഭവം നേരിട്ടതിലാണ് നടപടി. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസർ രേഖാമൂലം അറിയിക്കണമെന്ന് ജുഡിഷ്യൽ അംഗം കെ ബൈജുനാഥിൻ്റെ ഉത്തരവിൽ വ്യക്തമാക്കി. 

2021 ൽ നടന്ന സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ്റെ ഇടപെടൽ. 2021 സെപ്‌തംബർ ഒന്നിനാണ് വനിതാ ഡോക്ടർ ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തിൽ ജോലിക്കെത്തിയത്. 2021 സെപ്തംബർ മാസം 29 ന് രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുകയാണെന്ന് ഡോക്ടറെ ജോൺസൺ അറിയിച്ചപ്പോൾ മറ്റൊരു ദിവസം വരാനാണ് നിർദ്ദേശിച്ചത്. പരാതിക്കാരൻ ഒ.പിയിലെത്തുമ്പോൾ വലിയ തിരക്കും രക്തസമ്മർദം പരിശോധിക്കുന്ന ഉപകരണത്തിന് തകരാറും ഉണ്ടായിരുന്നു. തുടർന്ന് സ്റ്റാഫ് ഡ്യൂട്ടി മുറിയിൽ ചെന്ന് രക്തസമ്മർദ്ദം പരിശോധിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടിരുന്നുവെന്ന് ആശുപത്രി ഡി.എം.ഒ കമ്മീഷനോട് പറഞ്ഞു. എന്നാൽ താൻ ചികിൽസക്കെത്തിയപ്പോൾ ഒ.പിയിൽ തിരക്കുണ്ടായിരുന്നില്ലെന്നും ബി.പി പരിശോധനാ ഉപകരണത്തിന് തകരാറുണ്ടായിരുന്നില്ലെന്നുമാണ് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചത്. ആസ്‌പത്രിയിലെ തിരക്കും ഡോക്ടറുടെ പരിചയക്കുറവും രോഗികളോട് അനുകമ്പയോടെയും ആർദ്രതയോടെയും പെരുമാറാതിരിക്കാനുള്ള കാരണമായി കരുതാനാവില്ലെന്നും ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായെന്നും കമ്മീഷൻ വിലയിരുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0