ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിൽ വികസന സദസ്സൊരുങ്ങുന്നു; കെ സ്മാര്‍ട്ട് സേവനങ്ങളും ജോബ് ഫയറും സംഘടിപ്പിക്കും

Sep 25, 2025 - 15:42
ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിൽ വികസന സദസ്സൊരുങ്ങുന്നു; കെ സ്മാര്‍ട്ട് സേവനങ്ങളും ജോബ് ഫയറും സംഘടിപ്പിക്കും

കാസർകോട്: നിലവിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യാനും ഭാവി മുന്നിൽ കണ്ടുള്ള ആശയങ്ങളും നിർദേശങ്ങളും അവതരിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ വികസന സദസ്സിന് കാസർകോട് ജില്ലയൊരുങ്ങുന്നു. ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിൽ സദസ്സ് നടക്കും. ജനപ്രതിനിധികളും സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരും വിഷയ വിദഗ്‌ധർ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേന പ്രവർത്തകർ പരിപാടികളിൽ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന എക്‌സിബിഷനും കെ-സ്‌മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്കും വിജ്ഞാന കേരളം ജോബ് ഫെയറും സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കും. 

പൊതുജനങ്ങൾക്കൊപ്പം വിവിധ തലങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയിൽ വികസനപുരോഗതിയും തുടർപ്രവർത്തനങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് ചർച്ചയിലൂടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് വിവര പൊതുജനസമ്പർക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദർശനം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശം, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഓപ്പൺ ഫോറം എന്നിവയുണ്ടാകും. വികസന സദസ്സിലെ ചർച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സർക്കാരിന് സമർപ്പിക്കും. അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങി വികസനപ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തിയവർക്ക് വികസന സദസ്സിൽ ആദരവ് നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0