സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുത്തനെ ഉയരുന്നു. ഓണം കഴിഞ്ഞതോടെ വിപണിയിൽ സവാള വരവ് കുറഞ്ഞതാണ് പെട്ടെന്നുള്ള വിലവർധനവിന് കാരണമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. നിലവിൽ ചില്ലറ വിപണിയിൽ ഒരു കിലോ സവാളയുടെ വില 80 രൂപ കടന്നിരിക്കുകയാണ്. മഹാരാഷ്ട്ര, കർണാടക തുടങ്ങിയ പ്രധാന ഉൽപാദന സംസ്ഥാനങ്ങളിൽ നിന്നുള്ള സവാളയുടെ വരവിലുണ്ടായ വൻ കുറവാണ് തിരിച്ചടിയായത്. വിളവെടുപ്പ് സമയത്തുണ്ടായ അസമയത്തെ മഴയും തുടർന്നുള്ള കനത്ത ഈർപ്പവും കാരണം ശേഖരിച്ചുവച്ച സവാള വൻതോതിൽ അഴുകി നശിച്ചതാണ് വിതരണത്തെ ബാധിച്ചത്.
സവാളയുടെ പ്രധാന വിപണിയായ പുണെയിലെ എ.പി.എം.സി മാർക്കറ്റിലേക്ക് എത്തുന്ന ലോറികളുടെ എണ്ണത്തിൽ പകുതിയിലധികം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടുക്കളകളിലും ഹോട്ടലുകളിലും ഒരുപോലെ അവശ്യസാധനമായ സവാളയുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടർന്നാൽ വില 100 രൂപയിലേക്ക് എത്തിയേക്കുമെന്ന ആശങ്കയും കച്ചവടക്കാരും ഉപഭോക്താക്കളും പങ്കുവെക്കുന്നു. വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യമുയരുന്നത്. അതേസമയം, വിപണിയിലെ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വഴി സബ്സിഡി നിരക്കിലുള്ള സവാള തീവണ്ടി മാർഗം (കാണ്ഡ എക്സ്പ്രസ്സ്) കൊച്ചി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0