അനാവശ്യ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: കോടതികളിൽ കേസുകൾ കുമിഞ്ഞുകൂടാൻ പ്രധാന കാരണം കേന്ദ്ര സർക്കാരിന്റെ നടപടിയാണെന്ന വിമർശനവുമായി സുപ്രീംകോടതി. അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ രൂക്ഷമായാണ് കോടതി വിമർശിച്ചത്. കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയുടെ വിമർശനം. ഒരു കോൺസ്റ്റബിളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. കോടതികളിൽ കേസുകൾ കുമിഞ്ഞുകൂടാൻ പ്രധാന കാരണം സർക്കാരിന്റെ ഈ നിലപാടാണെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഒരു വശത്ത് കേസുകളുടെ ആധിക്യത്തെക്കുറിച്ച് പരാതിപ്പെടുകയും മറുവശത്ത് അനാവശ്യ വ്യവഹാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രവണത ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതി ഒരാൾക്ക് നീതി നൽകിയാൽ അത് അംഗീകരിക്കുന്നതിന് പകരം എന്തിനാണ് വീണ്ടും നിയമപോരാട്ടം തുടരുന്നതെന്ന് കോടതി ചോദിച്ചു. അപ്പീലുകൾ നൽകുന്നത് ഒരു ശീലമായി മാറുന്നതിന് പകരം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നായി മാറണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0