രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: 13 വര്‍ഷമായി കോമയില്‍ കഴിയുന്ന മുപ്പത്തിയൊന്നുകാരൻ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം അനുവദിച്ചു കൊണ്ടാണ് റാണയുടെ വൃദ്ധ മാതാപിതാക്കളുടെ ഹരജിയിൽ ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. രാജ്യത്ത് ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നല്‍കിയത്. മകന്റെ ഈ അവസ്ഥ കാണാന്‍ കഴിയുന്നില്ലെന്നും സാമ്പത്തികമായി തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള ദയാവധത്തിനുള്ള കുടുംബത്തിന്റെ ഹരജിക്കൊപ്പം യന്ത്രസഹായത്തോടെ മാത്രം ജീവന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായവും കോടതി പരിഗണിച്ചു. ഹരീഷ് റാണയ്ക്ക് നല്‍കി വരുന്ന വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചികിത്സ തുടരണോ എന്ന് തീരുമാനിക്കാൻ രോഗിക്ക് കഴിയാത്ത സാഹചര്യത്തിൽ രോഗിയുടെ ഏറ്റവും മികച്ച താൽപ്പര്യം എന്താണോ അത് മാത്രമേ പരിഗണിക്കാവൂവെന്ന് കോടതി നിരീക്ഷിച്ചു. 2013ലാണ് ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഹരീഷ് റാണയ്ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മകൻ്റെ ചികിത്സക്കായി 13 വർഷം വേണ്ട സൗകര്യങ്ങളെല്ലാം നൽകിയ കുടുംബം കഴിഞ്ഞ മൂന്ന് വർഷമായി നിയമപോരാട്ടത്തിലായിരുന്നു. ചികിത്സ പിൻവലിച്ച ശേഷം മരണം സംഭവിക്കുന്നത് വരെ ഹരീഷ് റാണ എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പരിചരണത്തിൽ തുടരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0