പ്രിയ ശംസുച്ചാക്ക് വേദനയോടെ വിട; യാത്രയായത് നിസ്വാർത്ഥ സേവകൻ

Feb 22, 2026 - 11:51
പ്രിയ ശംസുച്ചാക്ക് വേദനയോടെ വിട; യാത്രയായത് നിസ്വാർത്ഥ സേവകൻ

കഴിഞ്ഞ ദിവസം നെല്ലിക്കട്ടയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ശംസുദ്ധീൻ എന്ന ശംസുച്ചയെ വാക്കുകൾ മങ്ങിപ്പോകുന്ന വേദനയോടെയാണ്  അനുസ്മരിക്കുന്നത്. സഹപ്രവർത്തകൻ എന്നതിലുപരി, സ്നേഹപൂർവ്വമായൊരു സഹോദരനും വിവേകമുള്ള വഴികാട്ടിയുമായിരുന്നു അദ്ദേഹം. ചെറുപ്പം മുതൽ നാട്ടിലെ സംഘടന പ്രവർത്തനങ്ങളിൽ ഓരോ ചുവടിലും സജീവ സാന്നിധ്യമായി തിളങ്ങിയിരുന്ന അദ്ദേഹത്തിന്റെ വേർപാട് ഇപ്പഴും വിശ്വസിക്കാനാവാത്തൊരു യാഥാർത്ഥ്യമാണ്. പുണ്യമാസമായ റമദാനിലെ മൂന്നാം ദിനത്തിൽ മകനോടൊപ്പം യാത്രക്കിടെയുണ്ടായ ദാരുണാപകടം അദ്ദേഹത്തെ നമ്മിൽ നിന്ന് ഭൗതികമായി അകറ്റിക്കളഞ്ഞു. ജീവിതത്തിന്റെ വലിയൊരു ഭാഗം സൗദിഅറേബ്യയിലെ വ്യാപാര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പിന്നീട് നാട്ടിൽ തിരിച്ചെത്തി സമൂഹജീവിതത്തിൽ സജീവമായി ഇടപെട്ടു. പ്രവാസജീവിതത്തിലും നാട്ടിലും ഒരുപോലെ സ്നേഹബന്ധങ്ങൾ പണിതുയർത്തിയ വ്യക്തിത്വമായിരുന്നു ശംസുച്ച.

സൗദിയിലെ അൽ ഹസ പ്രദേശത്തെ സഅദിയ്യ - മുഹിമ്മത്ത് കമ്മിറ്റികളുടെ ട്രഷറർ, ജില്ലയിലെ മറ്റു ദീനിസ്ഥാപനങ്ങളുടെ സജീവ പ്രവർത്തകൻ, ആർ എസ് സി നേതാവ് തുടങ്ങി ശംസുച്ച വ്യക്തിമുദ്ര പതിപ്പിച്ച സംഘടന മികവ് നിസ്തുലാമായിരുന്നു. നാട്ടിൽ, സംഘടന പ്രവർത്തനരംഗത്തും സജീവമായിരുന്നു. ഏതു പരിപാടിയിലും ആദ്യം ഓതിയെത്തുന്ന വ്യക്തിത്വം. നാട്ടിൽ നടക്കുന്ന ഏത് ചടങ്ങുകൾക്കും  നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 

പഴയകാല ചിത്രങ്ങൾ ശേഖരിക്കുന്നതിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആസ്വാദനം ഓർമ്മകളെ ജീവിച്ചു നിർത്താനുള്ള അദ്ദേഹത്തിന്റെ മനസിന്റെ സാക്ഷ്യമായിരുന്നു. സൗഹൃദങ്ങളെ ഹൃദയത്തിൽ ചേർത്ത് കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വഭാവം നമ്മുക്ക് അമൂല്യമായ ഓർമ്മകളായി മാറിയിരിക്കുന്നു. ഒരാൾ കടന്നുപോകുമ്പോൾ പിന്നിൽ അവശേഷിപ്പിക്കുന്നത് സമ്പാദ്യങ്ങളല്ല, മനുഷ്യബന്ധങ്ങളാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. അപകടമരണത്തിന് ശഹീദിന്റെ കൂലി ലഭിക്കുമെന്ന വിശ്വാസമാണ് ഏക ആശ്വാസം. പരമകൃപാലുവായ അല്ലാഹു അദ്ദേഹത്തിന് ജന്നത്ത് അൽ ഫിർദൗസ് നൽകട്ടെയെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സർവോപരി അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് സഹനവും സമാധാനവും നൽകട്ടെയെന്നുമാണ് അകമഴിഞ്ഞ പ്രാർത്ഥന.


സുന്നി സംഘ കുടുംബം നെല്ലിക്കട്ട യൂണിറ്റ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0