സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ വർധന; 4477 പുതിയ കേസുകൾ

Dec 1, 2025 - 17:56
സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ വർധന; 4477 പുതിയ കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ മാസവും ശരാശരി 100 ഓളം പുതിയ എച്ച്ഐവി
ബാധിതരുണ്ടാകുന്നുവെന്നാണ് കേരളാ എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്. 2022 മുതൽ കഴിഞ്ഞ വർഷം വരെ യഥാക്രമം 9, 12, 14.2 ശതമാനമായിരുന്നു വർധന. അത് ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 15.5 ശതമാനമായി വർധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ 15 മുതൽ 24 വരെ പ്രായമുള്ളവരുടെ എണ്ണം കൂടിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

കേരളത്തിൽ 23,608 പേർ എച്ച്ഐവി ബാധിതരാണ്. ഇവരിൽ 62 ശതമാനത്തിലേറെ പേർക്കും എച്ച്ഐവി അണുബാധയുണ്ടായത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണെന്ന് കേരളാ എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 4477 പേർക്ക് പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. അതിൽ 3393 പേർ പുരുഷന്മാരും 1065 പേർ സ്ത്രീകളുമാണ്. ഇതിൽ 90 പേർ ഗർഭിണികളാണ്. 19 ട്രാൻസ്ജെൻഡർ വ്യക്തികൾക്കും എച്ച്ഐവി അണുബാധയുണ്ടായി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എറണാകുളത്താണ് ഏറ്റവും കൂടുതൽ എച്ച്ഐവി അണുബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതത്‌. 850 പേർക്കാണ് എച്ച്ഐവി രോഗബാധയുണ്ടായത്. ഏറ്റവും കുറവ് വയനാടാണ്. 67 പേർക്കാണ് രോഗം കണ്ടെത്തിയത്. സുരക്ഷിതമല്ലാത്ത സ്വവർഗരതിയിലൂടെ 24.6 ശതമാനം പേർക്കും സൂചി പങ്കിട്ടുള്ള ലഹരിമരുന്ന് ഉപയോഗത്തിലൂടെ 8.1 ശതമാനം പേർക്കും എച്ച്ഐവി ബാധയുണ്ടായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0