ആരിക്കാടി ടോള്‍ ഗേറ്റ്: അനിശ്ചിതകാല സമരത്തിനൊരുങ്ങി കർമ്മ സമിതി
കുമ്പള: ദേശീയപാത വികസന ഭാഗമായി നിർമാണം പുരോഗമിക്കുന്ന ആരിക്കാടി ടോൾ ഗേറ്റിനെതിരെ അനിശ്ചിതകാല സമരത്തിനൊരുങ്ങി കർമ്മ സമിതി. നിർമ്മാണം അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. സെപ്‌തംബർ 14 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് എ.കെ.എം അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന കർമസമിതിയുടെ തീരുമാനം. ടോള്‍ ഗേറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കർമ്മ സമിതി സമർപ്പിച്ച അപ്പീലിൽ സെപ്‌തംബർ 15ന് ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. അതിനിടയിൽ നിലവിലെ സ്ഥിതി അറിയിക്കാൻ ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റർ അകലെ നിർമിക്കേണ്ട ടോൾ ഗേറ്റ് 23 കിലോ മീറ്റർ പരിധിയിൽ നിർമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്ന് ദേശീയപാത അതോറിറ്റിക്ക് അനുകൂല വിധി ഉണ്ടായതിന് പിന്നാലെ നിർമാണ പ്രവൃത്തി ടോൾ കമ്പനി തുടരുകയായിരുന്നു. ഇതിനിടെയാണ് കർമസമിതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ടോൾ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് അന്തിമ വിധി വരുന്നതുവരെ നിർമാണ പ്രവൃത്തി തുടങ്ങില്ല എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. എന്നാൽ കർമസമിതിയുടെ അപ്പീൽ പരിഗണിക്കാനിരിക്കെ നിർമാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



